കാരാപ്പുഴ ജലസംഭരണിയിലെ മത്സ്യകൃഷി പട്ടിക വിഭാഗത്തിലെ നിരവധി കുടുംബങ്ങള്‍ക്കു ഉപജീവനമാര്‍ഗമായി

നെല്ലാറച്ചാല്‍ സന്ദര്‍ശനത്തിനിടെ വാങ്ങിയ മത്സ്യവുമായി സുരേഷ് ഗോപി എം.പി.

കല്‍പറ്റ-സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വയനാട്ടിലെ കാരാപ്പുഴ ജലസംഭരണിയുടെ നെല്ലാറച്ചാല്‍ ഭാഗത്ത് ആരംഭിച്ച കൂടുകളിലെ മത്സ്യകൃഷി നൂറോളം പട്ടിക വിഭാഗ കുടുംബങ്ങള്‍ക്കു ഉപജീവനമാര്‍ഗമായി. ജലസംഭരണിയില്‍ പൊങ്ങിക്കിടക്കുന്ന വിധത്തില്‍ സ്ഥാപിച്ച നൂറു കൂടുകളില്‍നിന്നും റിസര്‍വോയറിന്റെ മറ്റുഭാഗങ്ങളില്‍നിന്നും പിടിക്കുന്ന മത്സ്യം വിറ്റുകിട്ടുന്ന പണം കുടുംബം പോറ്റാന്‍ പര്യാപ്തമാണെന്നു കൃഷിയില്‍ ഏര്‍പ്പെട്ട പട്ടിക വിഭാഗക്കാര്‍ പറയുന്നു.
പട്ടികജാതി-വര്‍ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘമാണ് കാരാപ്പുഴ റിസര്‍വോയറില്‍ കൂടുകളിലെ മത്സ്യകൃഷി നടത്തുന്നത്. അമ്പലവയല്‍, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ പഞ്ചായത്തുകളില്‍നിന്നുള്ള 100 പട്ടികജാതി-വര്‍ഗക്കാര്‍ സംഘത്തില്‍ അംഗങ്ങളാണ്. നെല്ലാറച്ചാലിനു പുറമേ റിസര്‍വോയറിന്റെ മറ്റു ഭാഗങ്ങളിലും മീന്‍ പിടിക്കാനുള്ള അവകാശം സംഘത്തിനാണ്.
തിലാപ്പിയ, വാള, കല്ലുമുട്ടി ഇനങ്ങളിലായി നാലു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ സമീപകാലം വരെ കൂടുകളില്‍ നിക്ഷേപിച്ചത്. ഇതില്‍ 3.45 ലക്ഷം തിലാപ്പിയ ഇനത്തില്‍പ്പെട്ടതാണ്. വാളയുടെ 25,000 ഉം കല്ലുമുട്ടിയുടെ 30,000 ഉം കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. നിക്ഷേപിച്ചു ആറ്-എട്ട് മാസം പിന്നിടുമ്പോഴാണ് മത്സ്യക്കുഞ്ഞുങ്ങള്‍ വിളവെടുപ്പിനു പാകമാകുന്നത്. നിലവില്‍ ദിവസം ശരാശരി 100 കിലോഗ്രാം മത്സ്യമാണ് കൂടുകളില്‍നിന്നു പിടിച്ചു വില്‍പനയ്ക്കു വെക്കുന്നത്. പുറമേനിന്നു പിടിക്കുന്ന കട്‌ല, രോഹു, ചെമ്പല്ലി, വരാല്‍ തുടങ്ങിയ ഇനം മത്സ്യങ്ങളെയും സംഘം വിറ്റഴിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച നെല്ലാറച്ചാലില്‍ സന്ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപി എം.പി മീന്‍ വാങ്ങിയാണ് മടങ്ങിയത്. ഓര്‍ഡര്‍ അനുസരിച്ചു ആവശ്യക്കാര്‍ക്കു മത്സ്യം എത്തിക്കുന്നതിനുള്ള സംവിധാനം സംഘം ഒരുക്കിവരികയാണ്.
കിലോഗ്രാമിനു 200 രൂപ നിരക്കിലാണ് മത്സ്യം ചില്ലറ വില്‍പന. മൊത്തക്കച്ചവടക്കാര്‍ക്കു കിലോഗ്രാമിനു 130 നിരക്കിലാണ് മത്സ്യം നല്‍കുന്നത്. കൂടുകളില്‍നിന്നു വിളവെടുക്കുന്ന മത്സ്യത്തിന്റെ വില പൂര്‍ണമായും പുറമേനിന്നു പിടിച്ചു വില്‍ക്കുന്നതിന്റെ വിലയില്‍ 20 ശതമാനവും സംഘം സെക്രട്ടറിയുടെയും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഇതു പിന്നീട് സംഘാംഗങ്ങള്‍ക്കു ലഭ്യമാക്കും. കൂടുകള്‍ക്കു പുറമേനിന്നു പിടിക്കുന്ന മത്സ്യങ്ങളുടെ വിലയില്‍ 80 ശതമാനം അതത് ദിവസം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ വീതിക്കുകയാണ് ചെയ്യുന്നത്.
നെല്ലാറച്ചാലില്‍ വാടകക്കെട്ടിടത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. മൂന്നു വാടകമുറികളില്‍ ഒന്നാലാണ് മത്സ്യം വില്‍പനയ്ക്കു വെക്കുന്നത്. മത്സ്യം കേടുകുടാതെ സൂക്ഷിക്കുന്നതിനു ഫ്രീസര്‍ സ്ഥാപിക്കാന്‍ സംഘം നീക്കം നടത്തിയെങ്കിലും കെട്ടിടം ഉടമ അനുവദിച്ചില്ല. സംഘത്തിനു സ്വന്തം കെട്ടിടം പണിയാന്‍ ഫിഷറീസ് വകുപ്പില്‍നിന്നു സഹായം ലഭിക്കും. എന്നാല്‍ കെട്ടിട നിര്‍മാണത്തിനായി സ്ഥലം വാങ്ങുന്നതിനു ഫണ്ട് കിട്ടില്ല. സ്ഥലത്തിന്റെ അഭാവത്തില്‍ സംഘത്തിനു സ്വന്തം കെട്ടിടം പണിയാന്‍ കഴിയുന്നില്ല. കെട്ടിട നിര്‍മാണത്തിനു കുറഞ്ഞതു ഏഴു സെന്‍് സ്ഥലമാണ് ആവശ്യം. ഇതു കണ്ടെത്താനും വാങ്ങാനും സംഘം നീക്കം നടത്തിവരികയാണെന്നു പ്രസിഡന്റ് എ.കെ.ദാമോദരന്‍, സെക്രട്ടറി എന്‍.ഡി.ധനേഷ് എന്നിവര്‍ പറഞ്ഞു. മത്സ്യം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കുന്നതിനുള്ള പദ്ധതി സംഘത്തിന്റെ ആലോചനയിലുണ്ട്.

Leave a Reply

Your email address will not be published.

Social profiles