ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; ബാവയുടെ തോട്ടത്തില്‍ വീണ്ടും കാട്ടാനകള്‍

വെള്ളാഞ്ചേരി പി.എല്‍ ബാവയുടെ തോട്ടത്തിലെ കുരുമുളക് വള്ളി കാട്ടാന നശിപ്പിച്ച നിലയില്‍

മാനന്തവാടി: വനം വകുപ്പ് നല്‍കിയ ഉറപ്പുകള്‍ നടപ്പിലായില്ല. കാട്ടാനശല്യത്തെത്തുടര്‍ന്ന് വനം വകുപ്പ് ഓഫിസിന് മുമ്പില്‍ ആത്മഹത്യ ഭിഷണി മുഴക്കി സമരം നടത്തിയ കര്‍ഷകന്റെ തോട്ടത്തില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. മാനന്തവാടി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫിസിന്റെ മുന്നില്‍ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ആത്മഹത്യ ഭിഷണി മുഴക്കിയ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വെള്ളാഞ്ചേരി പി.എല്‍ ബാവ എന്ന പൗലോസിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം വിണ്ടും കാട്ടാനകള്‍ വ്യാപക കൃഷിനാശം വരുത്തിയത്. ബാവയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് വനംവകുപ്പ് നല്‍കിയ ഉറപ്പുകള്‍ മുഴുവന്‍ പാലിക്കാത്തതാണ് കാട്ടാനകള്‍ വീണ്ടും തോട്ടത്തിലെത്താന്‍ കാരണം. വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങാതെ കാവല്‍ ശക്തമാക്കുമെന്നും, തൂക്ക് ഫൈന്‍സിംഗ് നവീകരിക്കുമെന്നുമുള്ള ഡി.എഫ്.ഒ ദര്‍ശന്‍ഖട്ടാനി അടക്കമുള്ള ഉന്നത വനപാലകര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് സ്ഥലത്ത് ഫെന്‍സിംഗ് സ്ഥാപിക്കുക മാത്രമാണ് വകുപ്പ് ചെയ്തത്. കാവല്‍ നില്‍ക്കുന്നുണ്ട് എന്ന് പറയുമ്പോഴും അന്നു മുതല്‍ എല്ലാ ദിവസവും ഈ പ്രദേശത്ത് കാട്ടാനകള്‍ നാശനഷ്ടങ്ങള്‍ വരുത്തുകയാണ്. വനംവകുപ്പ് സുരക്ഷണം ഒരുക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് മുന്നിട്ടിറങ്ങുമെന്ന് ബാവ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles