വജ്ര ജൂബിലി ഫെല്ലോഷിപ്പ്:സൗജന്യ കലാപരിശീലനത്തിന് അപേക്ഷിക്കാം

കല്‍പറ്റ-വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതിക്കു കീഴില്‍ സൗജന്യ കലാപരിശീലനത്തിനായി പ്രായഭേദമന്യേ പഠിതാക്കളെ ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പും മാനന്തവാടി, ബത്തേരി, കല്‍പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകളും ചേര്‍ന്നാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. കൂടിയാട്ടം, മോഹിനിയാട്ടം, പെയിന്റിംഗ്, ശില്‍പകല, നാടന്‍പാട്ട്, ചെണ്ട-തായമ്പക എന്നീ കലാരൂപങ്ങളിലാണ് പരിശീലനം നല്‍കുക.
കൂടിയാട്ടം, നാടന്‍പാട്ട് എന്നീ ഇനങ്ങളിലാണ് ബത്തേരി ബ്ലോക്കില്‍ പരിശീലനം. ബത്തേരി ബ്ലോക്കിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും അപേക്ഷാഫോം ലഭ്യമാണ്. അവ പൂരിപ്പിച്ചു പഞ്ചായത്തിലോ ബ്ലോക്ക് പഞ്ചായത്തിലോ നല്‍കിയാല്‍ മതി.
കൂടിയാട്ടം, ചെണ്ട (തായമ്പക) എന്നിവയാണ് മാനന്തവാടി ബ്ലോക്കിലെ കലാ ഇനങ്ങള്‍. എല്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അപക്ഷാഫോം പൂരിപ്പിച്ചു നല്‍കാം.
കല്‍പറ്റ ബ്ലോക്കില്‍ കൂടിയാട്ടം, മോഹിനിയാട്ടം, പെയിന്റിംഗ് എന്നിവയാണ് ഇനങ്ങള്‍. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ അപേക്ഷാ ഫോം ലഭ്യമാണ്.
ശില്‍പകലയിലാണ് പനമരം ബ്ലോക്കില്‍ പരിശീലനം. പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും അപേഫോം പൂരിപ്പിച്ചു നല്‍കാം.
സുകുമാര കലകളില്‍ നിശ്ചിത യോഗ്യത നേടിയ യുവാക്കള്‍ക്ക് സാമൂഹിക കലാ പരിശീലനത്തിന് വേദി ഒരുക്കുന്നതോടൊപ്പം രണ്ടു വര്‍ഷം ഫെല്ലോഷിപ് നല്‍കി പിന്തുണക്കുന്നതാണ് ഈ പദ്ധതി. ഇവര്‍ വഴി പ്രായഭേദമന്യേ ജനങ്ങള്‍ക്ക് സൗജന്യ കലാപരിശീലനം നല്‍കും.
ക്ലാസിക്കല്‍ കല, അഭിനയ കല, ലളിത കല, ഫോക് ലോര്‍ കലാരൂപങ്ങള്‍ എന്നീ വിഭാഗങ്ങളിലായി 45 ഓളം കലാരൂപങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേരളകലാമണ്ഡലം കല്‍പിത സര്‍വകലാശാല, കേരളസംഗീത നാടക അക്കാദമി, ലളിതകല അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ 45 കലാരൂപങ്ങളില്‍ പ്രാമുഖ്യമുള്ള 1,000 കലാകാരന്മാരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് 10,000 രൂപ സാംസ്‌കാരിക വകുപ്പും 5,000 രൂപ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവും നല്‍കും.

Leave a Reply

Your email address will not be published.

Social profiles