പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം കുറച്ചു

മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ക്ക് പതിനാലം പഞ്ചവത്സര പദ്ധതി പ്രകാരം അനുവദിച്ച പദ്ധതി വിഹിതം സര്‍ക്കാര്‍ കുറച്ചു. ഇതു സംബന്ധിച്ച ഉത്തരവ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പുറപ്പെടുവിച്ചു. 2022-23ലെ സംസ്ഥാന ബജറ്റില്‍ റോഡിതര മെയിന്റനന്‍സ് ഫണ്ട് വിഹിതത്തിലും റോഡ് ഫണ്ട് വിഹിതത്തിലും വകയിരുത്തിയ തുക 2021ല്‍ ഓരോ തദ്ദേശ സ്ഥാപനത്തിനും അനുവദിച്ച വിഹിതത്തിനു ആനുപാതികമായി കണക്കാക്കി സുലേഖ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതാണെന്നു ഉത്തരവില്‍ പറയുന്നു. താത്കാലിക വിഹിതം അടിസ്ഥാനമാക്കി എല്ലാ തദ്ദേശ സ്ഥാപനങ്ങളും 2022-23ലെ മെയിന്റനന്‍സ് പ്രൊജക്ടുകള്‍ക്കു രൂപം നല്‍കണമെന്നും ഉത്തരവിലുണ്ട്.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് ഗ്രാമസഭ, വര്‍ക്കിംഗ് ഗ്രൂപ്പ്, വികസന സെമിനാര്‍, ഭരണസമതി യോഗം തുടങ്ങിയ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പ്രൊജക്ടുകള്‍ തയാറാക്കിയ വേളയിലാണ് ഉത്തരവ്. പദ്ധതി വിഹിതത്തില്‍ വരുത്തിയ കുറവ് ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെയും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ രണ്ട് കോടിയിലധികം രൂപയുടെ കുറവാണ് പദ്ധതി വിഹിതത്തില്‍ വരുത്തിയത്. പല പഞ്ചായത്തുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ പദ്ധതിയായി ഉള്‍പ്പെടുത്തിയത് പോലും ഫണ്ടിന്റെ അഭാവത്തില്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഉത്തരവിനു പിന്നിലെന്നാണ് സൂചന. പല തദ്ദേശ സ്ഥാപനങ്ങളിലും ഉത്തരവിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles