വാളത്തൂര്‍ ചീരമട്ടം ക്വാറി: പൗര സമിതി ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

Read Time:5 Minute, 18 Second

കല്‍പ്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തുര്‍ ചീരമട്ടത്ത് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരായ പൗരസമിതി ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ പൗരസമിതിക്കുവേണ്ടി പ്രസിഡന്റ് വി.കെ. ഉമ്മര്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കുവരുന്നത്. ക്വാറിക്കു അനുവദിച്ച ലൈസന്‍സ് റദ്ദാക്കാന്‍ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി(ഡിഡിഎംഎ) ചെയര്‍പേഴ്‌സണുമായ കളക്ടര്‍ ഡോ.രേണുരാജ് 2023 മാര്‍ച്ച് അവസാനവരം പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ ലൈസന്‍സി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിഡിഎംഎ ഉത്തരവ് തടഞ്ഞത്. ഇതിനെതിരേ പൗരസമിതി നല്‍കിയ ഹരജി മെയ് 20നാണ് ഡിവിഷന്‍ ബെഞ്ച് ആദ്യം പരിഗണിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും ഡിഡിഎംഎ നിര്‍ദേശത്തില്‍ നിലപാട് അറിയിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
മൂപ്പൈനാട് പഞ്ചായത്തിലെ 12,13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീരമട്ടം. ഇവിടെ മൂന്നര ഏക്കറില്‍ ഖനനത്തിനു 2021ലാണ് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് അനുവദിച്ചത്. ക്വാറിക്കെതിരേ പ്രദേശവാസികള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ദീര്‍ഘകാലമായി സമരമുഖത്താണ്. ക്വാറി ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ട് ഈ മാസം 21ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ക്വാറി വിഷയത്തില്‍ ഡിഡിഎംഎ നിര്‍ദേശം ശരിവച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉത്തരവാകുക, ജിയോളജി, പൊല്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി. റഹിം, കണ്‍വീനര്‍ വി. ജാഫര്‍, വി.കെ. ഉമ്മര്‍, അലി കുന്നക്കാടന്‍ എന്നിവര്‍ പറഞ്ഞു.
അതീവ പരിസ്ഥിതി ലോലവും 2019ല്‍ മണ്ണിടിച്ചില്‍ ഉണ്ടായതും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതുമായ പ്രദേശമാണ് ചീരമട്ടം. ഇവിടെ ഖനനം അനുവദിച്ച പ്രദേശത്തിനു 43 മീറ്റര്‍ ചുറ്റളവില്‍ വീടുണ്ട്. 60 മുതല്‍ 70 വരെ ഡിഗ്രി ചരിവുള്ള പ്രദേശം ജലസ്രോതസുകളുടെ ഉദ്ഭവസ്ഥാനവുമാണ്. പ്രകൃതിദുരന്തം ഉണ്ടായ പുത്തുമലയ്ക്കും കാന്തന്‍പാറയ്ക്കും നീലിമലയ്ക്കും ഇടയിലുള്ള ചാലിയാര്‍ പുഴയുടെ മുകള്‍ഭാഗവുമാണ് ചീരമട്ടം.
പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസിസ്റ്റന്റ് സെക്രട്ടറിയാണ് നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ക്വാറി ലൈസന്‍സ് അനുവദിച്ചത്. അപേക്ഷ ആഴ്ചകളോളം പൂഴ്ത്തിവച്ചാണ് സെക്രട്ടറി ഇന്‍ ചാര്‍ജ് ക്വാറി ലൈസന്‍സ് അനുവദിക്കുന്നതിനു സാഹചര്യം ഒരുക്കിയത്. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ 2022 സെപ്റ്റംബര്‍ 22ലെ കത്ത്, ജില്ലാ ജിയോളജിസ്റ്റിന്റെ ഒക്ടോബര്‍ 29ലെ റിപ്പോര്‍ട്ട്, മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിയുടെ 2023 ജനുവരി ഒന്നിലെ കത്ത്, ജില്ലാ ജിയോളജിസ്റ്റിന്റെ മാര്‍ച്ച് 21ലെ കത്ത്, ഡിഡിഎംഎയുടെ 2019 ഓഗസ്റ്റ് 21ലെയും നവംബര്‍ ഏഴിലെയും ഉത്തരവുകള്‍, മാര്‍ച്ച് 23ലെ യോഗ തീരുമാനം എന്നിവ പരിശോധിച്ചാണ് ക്വാറി ലൈസന്‍സ് റദ്ദാക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
ഭവന നിര്‍മാണത്തിനുപോലും വിലക്കുള്ള പ്രദേശത്ത് ക്വാറി തുടങ്ങുന്നതിന് ആവശ്യമായ രേഖകള്‍ സ്വകാര്യ വ്യക്തി സംഘടിപ്പിച്ചതിനു പിന്നില്‍ വലിയ കളികള്‍ ഉണ്ടെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles