ദുരിതമഴ നനഞ്ഞ് കൊമ്പന്‍മൂലയിലെ ആദിവാസി കുടുംബങ്ങള്‍

കൊമ്പന്‍മൂലയില്‍ കാട്ടുനായ്ക്ക കുടുംബങ്ങള്‍ താമസിക്കുന്ന കൂരകള്‍.

സുല്‍ത്താന്‍ബത്തേരി:പുനരധിവാസം പ്രഹസനമായത് സുല്‍ത്താന്‍ബത്തേരി കൊമ്പന്‍മൂലയിലെ കാട്ടുനായ്ക്ക കുടുംബങ്ങളെ കൊടിയ ദുരിതത്തിലാക്കി. മഴയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഉതകുന്ന പാര്‍പ്പിടം പോലും ഇല്ലാതെ നരകിക്കുകയാണ് ആദിവാസികള്‍.
2012ല്‍ ബത്തേരി ചെതലയത്തിനു അടുത്തുള്ള കൊമ്മന്‍ചേരി വനത്തില്‍നിന്നു വനം, പട്ടികവര്‍ വികസന വകുപ്പുകള്‍ മുന്‍കൈയെടുത്തു മാറ്റിത്താമസിപ്പിച്ച കുടുംബങ്ങളാണ് കൊമ്പന്‍മൂലയിലുള്ളത്.
ആറു കാട്ടുനായ്ക്ക കുടുംബങ്ങളെയാണ് കൊമ്പന്‍മൂലയിലെത്തിച്ചത്. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ഒന്നാം ഡിവിഷനിലാണ് കൊമ്പന്‍മൂല. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലാണ് ഈ പ്രദേശം. ഉള്‍ക്കാട്ടിലാണ് കൊമ്മന്‍ചേരി. വന്യജീവി ശല്യം പാരമ്യതയിലെത്തിയപ്പോഴാണ് ആദിവാസി കുടുംബങ്ങള്‍ മാറി താമസിക്കാന്‍ സന്നദ്ധമായത്. വാസയോഗ്യമായ വീടും കൃഷി ചെയ്യാന്‍ ഭൂമിയും വാഗ്ദാനം ചെയ്താണ് ആദിവാസി കുടുംബങ്ങളെ കൊമ്മന്‍ചേരിയില്‍നിന്നു ഇറക്കിയത്. കൊമ്പന്‍മൂലയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു കുടുംബങ്ങള്‍ക്കു താത്കാലിക താമസ സൗകര്യമാണ് ഒരുക്കിയത്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരം പുനരധിവാസത്തിനു ഭൂമി കണ്ടെത്താനും വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കാനും ഉത്തരവാദപ്പെട്ടവര്‍ക്കായില്ല. മാറ്റി താമസിപ്പിച്ചതില്‍ മൂന്നു കുടുംബങ്ങള്‍ ഗതികേടുമൂലം കൊമ്പന്‍മൂല വിട്ടു. അവശേഷിക്കുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ ദുരിതങ്ങളുമായി പോരടിക്കുന്നത്.
കാറ്റാടി മരങ്ങള്‍ക്കടിയില്‍ കുത്തിക്കൂട്ടിയ കൂരകളിലാണ് ആദിവാസി കുടുംബങ്ങളുടെ ജീവിതം. പ്ലാസ്റ്റിക് ഷീറ്റു മേഞ്ഞ കൂരകളില്‍ മഴ കനത്തുപെയ്യുമ്പോള്‍ പ്രാണന്‍ അടക്കിപ്പിടിച്ചാണ് ആദിവാസികള്‍ കഴിയുന്നത്. മൂന്നു കുടുംബങ്ങളിലുമായി കുട്ടികള്‍ അടക്കം 12 അംഗങ്ങളാണുള്ളത്. മഴവെള്ളം കൂരകളിലേക്കു അടിച്ചുകയറുന്നതു ഇവര്‍ക്കു വലിയ അലോസരം സൃഷ്ടിക്കുകയാണ്. ജനപ്രതിനിധികളടക്കം അവഗണിക്കുന്നതില്‍ ദുഃഖിതരാണ് കൊമ്പന്‍മൂലയിലെ കുടുംബങ്ങള്‍. ഇവരുടെ യാതനയ്ക്കു പരിഹാരം കാണാന്‍ പേരെടുത്ത സന്നദ്ധ പ്രസ്ഥാനങ്ങളും ഇടപെടുന്നില്ല. കഴിഞ്ഞ ദിവസം ചെതലയത്തെ സമൂഹിക പ്രവര്‍ത്തകന്‍ കുഞ്ഞിമുഹമ്മദാണ് കൂരകള്‍ക്കു മുകളില്‍ വലിച്ചുകെട്ടുന്നതിനു പ്ലാസ്റ്റിക് ഷീറ്റ് എത്തിച്ചത്. മഴ ശക്തമായതോടെ പുറത്ത് കൂലിപ്പണിക്കു പോകാന്‍ കഴിയാത്തതും കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കു പ്രയാസം സൃഷ്ടിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles