കര്‍ഷകജ്യോതി പുരസ്‌കാരം ചെറുവയല്‍ രാമനു മറ്റൊരു അംഗീകാരമായി

മാനന്തവാടി-സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകജ്യോതി പുരസ്‌കാരം പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിലുടെ പ്രസിദ്ധനായ കമ്മന ചെറുവയല്‍ രാമനു മറ്റൊരു അംഗീകാരമായി. പട്ടിക വിഭാഗത്തിലെ ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡാണ് രാമനു ലഭിച്ചത്.
എഴുപത്തിയൊന്നാം വയസ്സിലും മണ്ണില്‍ പൊന്നുവിളയിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ് രാമന്‍. മൂന്നേക്കര്‍ വരുന്ന കൃഷിയിടത്തില്‍ പാതിയോളം പാരമ്പര്യ വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം രാമന്‍ മാറ്റിവച്ചിട്ടുണ്ട്. അറുപതിലേറെ തനതു നെല്ലിനങ്ങളാണ് രാമന്‍ കൃഷിയിലൂടെ സംരക്ഷിക്കുന്നത്. കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
പാരമ്പര്യ വിത്തിനങ്ങളുടെ സംരക്ഷണത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്ലാന്റ് ജീനോം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ രാമനു ഇതിനകം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Social profiles