ഡബ്ല്യുസിഎസ് ഭൂമിയിലെ ഈട്ടി, തേക്ക് ഉടമാവകാശം: ഭൂവുടമകള്‍ കോടതിയെ സമീപിക്കുന്നു

Read Time:6 Minute, 6 Second

കല്‍പ്പറ്റ: വയനാട് കോളനൈസേഷന്‍ സ്‌കീമില്‍(ഡബ്ലുസിഎസ്)ഉള്‍പ്പെട്ട ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങളുടെ ഉടമാവകാശത്തെച്ചൊല്ലി നിയമയുദ്ധത്തിനു കളമൊരുങ്ങുന്നു. ഡബ്ല്യുസിഎസ് ഭൂമിയിലെ സകലതും സ്ഥലമുടമങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 2022 ജൂണ്‍ 17ലെ ഹൈക്കോടതി ഉത്തരവില്‍. ഡബ്ല്യുസിഎസ് ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിനു റവന്യു അധികാരികള്‍ ബാധകമാക്കിയ വിലക്ക് നീക്കുന്നതിന് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വ്യക്തികള്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളിലായിരുന്നു കോടതി ഉത്തരവ്.
ഭൂമിയിലെ സകലതും ഉടമയുടേതാണെന്നു കോടതി ഉത്തരവായ സാഹചര്യത്തില്‍ ഈട്ടി, തേക്ക് മരങ്ങളില്‍ സര്‍ക്കാരിന് അവകാശം ഇല്ലെന്ന നിലപാടിലാണ് ഡബ്യുസിഎസ് ഭൂ സംരക്ഷണ സമിതി. ഈട്ടി, തേക്ക് മരങ്ങളുടെ ഉടമാവകാശത്തില്‍ സ്പഷ്ടീകരണ ഉത്തരവിന് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സമിതി. സ്പഷ്ടീകരണത്തിനുള്ള ഹര്‍ജിയില്‍ അനുകൂല ഉത്തരവ് ഉണ്ടായാല്‍, മുമ്പ് ഡബ്യുസിഎസ് ഭൂമിയില്‍നിന്നു മുറിച്ചെടുത്ത ഈട്ടി, തേക്ക് മരങ്ങളുടെ വില സ്ഥലം ഉടമകള്‍ക്കു ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് സമിതിയുടെ പദ്ധതി. മരങ്ങളുടെ വില സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കും.
അമ്പലവയല്‍, തോമാട്ടുചാല്‍, നെന്‍മേനി, നൂല്‍പ്പുഴ, ചീരാല്‍, ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വയനാട് കോളനൈസേഷന്‍ സ്‌കീം. 38,000 ഏക്കര്‍ ഭൂമിയാണ് കോളനൈസേഷന്‍ സ്‌കീമിനായി മദിരാശി സര്‍ക്കാര്‍ 1943ല്‍ സൈനിക അമാല്‍ഗമേറ്റഡ് ഫണ്ട് വിനിയോഗിച്ച് നിലമ്പൂര്‍ കോവിലകത്തുനിന്നു വാങ്ങിയത്.
ഡബ്യുസിഎസ് ഭൂമിയില്‍ വിമുക്തഭട കുടുംബങ്ങള്‍ക്കു നല്‍കിയതു കഴിച്ചുള്ള ഭൂമിയില്‍ കുടിയേറ്റ കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ താമസമാക്കിയിരുന്നു. ഡബ്ലുസിഎസ് ഭൂമിയിലെ വിമുക്തഭട കുടുബങ്ങളടക്കം കൈവശക്കാര്‍ക്ക് 1968ലാണ് സര്‍ക്കാര്‍ പട്ടയം അനുവദിച്ചത്. പട്ടയം ലഭിക്കുന്നതിന് കൈശക്കാര്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. തേക്കും ഈട്ടിയും ഉള്‍പ്പെടെ റിസര്‍വ മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയായിരുന്നു പട്ടയ വിതരണം. മറ്റു മരങ്ങള്‍ ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച് നല്‍കുകയാണുണ്ടായത്.
ഡബ്ല്യുസിഎസ് ഭൂമിയിലെ റിസര്‍വ് മരങ്ങളില്‍ 120 സെന്റീമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാര്‍ക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കില്‍ സമാശ്വാസധനം നല്‍കാനും 1995ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തേക്കുകള്‍ മുറിച്ചെടുത്തു. കൈവശക്കാര്‍ക്കുള്ള സമാശ്വാസധനം ക്യുബിക് മീറ്ററിനു 10,000 രൂപയായി 2005ല്‍ വര്‍ധിപ്പിച്ചു. 2012ല്‍ ഈട്ടികള്‍ക്കു നമ്പരിട്ടു. പിന്നീട് ഈട്ടികള്‍ മുറിച്ച് ഒരുക്കി ബത്തേരി കുപ്പാടിയിലും കോഴിക്കോട് ചാലിയത്തുമുള്ള ഡിപ്പോകളില്‍ എത്തിക്കുന്നതിനു സ്വകാര്യ വ്യക്തികള്‍ക്കു കരാര്‍ നല്‍കി. ഇതേത്തുടര്‍ന്ന് അമ്പലവയല്‍, തോമാട്ടുചാല്‍ പ്രദേശങ്ങളില്‍ ഈട്ടി മുറി നടന്നു. ഡബ്ല്യുസിഎസ് ഭൂമിയില്‍നിന്നു 11,000 ഈട്ടി മുറിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. നമ്പര്‍ ഇട്ട മുഴുവന്‍ ഈട്ടിയും വിവിധ കോണുകളില്‍നിന്നു ഉയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുറിക്കാനായില്ല.
വയനാട് കോളനൈസേഷന്‍ സ്‌കീമില്‍പ്പെട്ട ഭൂമിയില്‍ വിവിധ ഭാഗങ്ങളിലായി അനേകം ഈട്ടിയുണ്ട്. അങ്ങിങ്ങായി ധാരാളം ഈട്ടി വീണുകിടക്കുന്നുമുണ്ട്. ഇതില്‍ ഒന്നുപോലും മുറിച്ചെടുക്കാന്‍ ഇനി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂ സംരക്ഷണ സമിതി. നിലവില്‍ ഏകദേശം 20,000 കുടുംബങ്ങളാണ് ഡബ്ലുസി സ്‌കീമില്‍പ്പെട്ട പ്രദേശങ്ങളിലുള്ളത്. വിമുക്ത ഭടന്‍മാര്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും കേരള സര്‍ക്കാര്‍ നല്‍കിയതല്ല വയനാട് കോളനൈസേഷന്‍ സ്‌കീമിലെ ഭൂമി. അതിനാല്‍ത്തന്നെ ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങള്‍ റിസര്‍വ് ചെയ്ത പട്ടയം അനുവദിച്ചത് ശരിയായ നടപടിയല്ലെന്നു
ഭൂ സംരക്ഷണ സമിതി പ്രസിഡന്റ് ടി.സി. വര്‍ഗീസ്, സെക്രട്ടറി ഹരികുമാര്‍ അമ്പലവയല്‍, ട്രഷറര്‍ പി.കെ. ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles