ഇരുളം അങ്ങാടിശേരി ഭൂപ്രശ്‌നം: ലാന്‍ഡ് ട്രിബ്യൂണലിലെ കേസുകള്‍ തീര്‍പ്പാക്കുന്നതിനു ഹൈക്കോടതിയില്‍ ഹര്‍ജി

ഇരുളം അങ്ങാടിശേരിയിലെ കൈവശ കര്‍ഷകന്റെ വീട്.

കല്‍പ്പറ്റ: വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തിയിട്ടും കൈവശഭൂമിയുടെ ഉടമാവകാശം തിരികെ ലഭിക്കാതെ കര്‍ഷക കുടുംബങ്ങള്‍. വയനാട്ടിലെ ഇരുളം വില്ലേജില്‍പ്പെട്ട അങ്ങാടിശേരിയിലെ 31 കുടുംബങ്ങള്‍ നേരിടുന്ന ഭൂ അവകാശ പ്രശ്‌നത്തിനാണ് ഇനിയും പരിഹാരമാകാത്തത്. കൈവശക്കാര്‍ക്കു അനുകൂലമായ റിപ്പോര്‍ട്ട് വനം വകുപ്പ് മാനന്തവാടി ലാന്‍ഡ് ട്രിബ്യൂണലില്‍ സമര്‍പ്പിക്കാത്തതാണ് ഉടമാവകാശം ലഭിക്കുന്നതിനു മുഖ്യ തടസം. ഇരുളം വില്ലേജില്‍ 160/2/ എ1എ1 സര്‍വേ നമ്പറില്‍പ്പെട്ടതില്‍ 22.25 ഏക്കര്‍ ഭൂമിയാണ് പതിറ്റാണ്ടുകളായി ഇത്രയും കുടുംബങ്ങളുടെ കൈവശം. ഇതേ സര്‍വേ നമ്പറില്‍ 48 ഏക്കര്‍ വനഭൂമിയുണ്ടെന്ന വാദം ഉന്നയിച്ചാണ് വനം വകുപ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ തങ്ങള്‍ക്കു സഹായകമാകുന്ന റിപ്പോര്‍ട്ട് നല്‍കാത്തതെന്നു കൈവശ കുടുംബങ്ങള്‍ പറയുന്നു.
ലാന്‍ഡ് ട്രിബ്യൂണല്‍ 1982ല്‍ അനുവദിച്ച ക്രയ സര്‍ട്ടിഫിക്കറ്റുകളില്‍ ഒമ്പതെണ്ണം കുടിയായ്മയില്ലെന്നു പറഞ്ഞ് കണ്ണൂര്‍ അപ്‌ലെറ്റ് അതോറിറ്റി റദ്ദുചെയ്തതാണ് കുടുംബങ്ങള്‍ക്കു വിനയായത്. തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ 2000 നവംബര്‍ 26ലെ നിര്‍ദേശാനുസരണം ജില്ലാ കളക്ടര്‍ കണ്ണൂര്‍ അപ്‌ലെറ്റ് അതോറിറ്റിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് ക്രയ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുന്നതിനു ഇടയാക്കിയത്. ക്രയ സര്‍ട്ടിഫിക്കറ്റുകള്‍ ദുര്‍ബലപ്പെടുത്തണമെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശം ഭൂമി സംബന്ധമായി അന്വേഷണം നടത്താതെയായിരുന്നുവെന്ന നിലപാടിലാണ് കൈവശക്കാര്‍.
ബത്തേരി സബ് രജിസ്ട്രാര്‍ ഓഫീസിലെ 1971 ജനുവരി 27ലെ 236/71 നമ്പര്‍ ആധാരപ്രകാരം ബോംബെ ബര്‍മ ട്രേഡിംഗ് കോര്‍പറേഷനില്‍നിന്നു പി. രാഘവന്‍, വി. അഗസ്റ്റിന്‍ എന്നിവര്‍ ഹൈലാന്‍ഡ് പ്ലാന്റേഷന്‍സിനുവേണ്ടി വാങ്ങിയ 100 ഏക്കറില്‍പ്പെട്ടതാണ് ഉടമാവകാശ നിഷേധം നേരിടുന്ന കൈവശ കുടുംബങ്ങളുടെ പക്കലുള്ള ഭൂമി. കോര്‍പറേഷനില്‍നിന്നു വാങ്ങിയതില്‍ 46 ഏക്കര്‍ രാഘവന്‍ 15 പേര്‍ക്കു പാട്ടത്തിനു നല്‍കി. ഇവരില്‍നിന്നു 1970-71 മുതല്‍ നികുതി സ്വീകരിക്കുന്നതായി ബത്തേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് രേഖകളിലുണ്ട്. കൈവശക്കാര്‍ പിന്നീട് ലാന്‍ഡ് ട്രിബ്യൂണലില്‍നിന്നു ക്രയ സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചു. ഇതില്‍ ഒമ്പതു എണ്ണമാണ് കണ്ണൂര്‍ അപ്‌ലെറ്റ് അതോറിറ്റി റദ്ദു ചെയ്തത്. ലാന്‍ഡ് ട്രിബ്യൂണല്‍ നിയമാനുസൃതം അന്വേഷണം നടത്തി അനുവദിച്ചാതാണ് റദ്ദാക്കിയ ക്രയ സര്‍ട്ടിഫിക്കറ്റുകള്‍. റദ്ദാക്കിയ ക്രയ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകളും അനന്തരാവകാശികളും അടങ്ങുന്നതാണ് നിലവില്‍ ഭൂപ്രശ്‌നം നേരിടുന്ന 31 കുടുംബങ്ങള്‍.
കൈവശക്കാര്‍ ഫയല്‍ ചെയ്ത സിവില്‍ റിവിഷന്‍ പെറ്റീഷനുകൡ അപ്‌ലെറ്റ് അതോറിറ്റി ഉത്തരവ് 2007 ജൂലൈ 27നു ഹൈക്കോടതി റദ്ദുചെയ്തിരുന്നു. അപ്പീല്‍ പുനഃപരിശോധിച്ചു തീര്‍പ്പാക്കാനും കോടതി ഉത്തരവായി. ഇതനുസരിച്ച് അപ്‌ലെറ്റ് അതോറിറ്റി മാനന്തവാടി ലാന്‍ഡ് ട്രിബ്യൂണലിനു വിട്ട എസ്എംസി കേസുകള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്.
160/2/ എ1എ1 സര്‍വേ നമ്പറില്‍ ഉണ്ടെന്നു വനം വകുപ്പ് പറയുന്ന വനഭൂമി അങ്ങാടിശേരിയില്‍ അല്ലെന്നും അതു എവിടെയെന്നു കണ്ടെത്തി അളന്നു അടയാളപ്പെടുത്തുന്നതിനു ഉത്തരവാദപ്പെട്ടവര്‍ ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കൈവശക്കാരില്‍നിന്നു 2005നുശേഷം ഭൂനികുതി സ്വീകരിക്കുന്നില്ല. ഇതിന്റെ തിക്തഫലം മുഴുവന്‍ കുടുംബങ്ങളും അനുഭവിക്കുകയാണ്. നികുതിശീട്ടിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ബാങ്കുകളില്‍നിന്നു വായ്പ എടുക്കാന്‍ കഴിയുന്നില്ല. ഈ ദുരവസ്ഥയ്ക്കു എന്നു പരിഹാരം ആകുമെന്നറിയാതെ വിഷമിക്കുകയാണ് കൈവശ കുടുംബങ്ങള്‍. എസ്എംസി കേസില്‍ മുമ്പ് ലാന്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെ ഹാജരായ വനം ഉദ്യോഗസ്ഥന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഭൂമി സംബന്ധമായി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. മാനന്തവാടി ലാന്‍ഡ് ട്രിബ്യൂണലിലുള്ള കേസുകള്‍ തീര്‍പ്പാക്കിക്കിട്ടുന്നതിനു കൈവശ കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles