മഴക്കാലത്തും കുടിവെള്ളമില്ലാതെ ആറാട്ടുതറ വേമം കോളനി

കോളനിയിലെ കിണറില്‍ ചെളി വെള്ളമൊലിച്ചിറങ്ങുന്നു

മാനന്തവാടി: മഴക്കാലത്തും കുടിക്കാന്‍ വെള്ളമില്ലാതെ മാനന്തവാടി ആറാട്ടുതറ വേമം കോളനി നിവാസികള്‍. നിലവിലെ കിണറില്‍ ചെളി വെള്ളമിറങ്ങിയതോടെയാണ് കോളനിക്കാരുടെ കുടിവെളളം മുട്ടിയത്. സമീപത്തെ ആറാട്ടുതറ സ്‌കൂളില്‍ നിന്നാണ് കോളനിക്കാര്‍ ഇപ്പോള്‍ കുടിക്കാന്‍ വെള്ളം ശേഖരിക്കുന്നത്. നഗരസഭ പതിനെട്ടാം വാര്‍ഡില്‍പ്പെടുന്ന വേമം കോളനിയില്‍ ഇരുപത്തിരണ്ട് കുടുംബങ്ങളാണുള്ളത്. ഇവരെല്ലാവരും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിച്ചു കൊണ്ടിരുന്നത് ആറാട്ടുതറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള പൊതുകിണറ്റിലെ വെള്ളമാണ്.
ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിക്ഷേപിച്ച മണ്ണ് മഴ പെയ്തതോടെ കിണറ്റിലേക്കൊലിച്ചിറങ്ങുകയായിരുന്നു. സ്ഥലത്ത റോഡിലൂടെ ഒഴുകിയിറങ്ങുന്ന ചെളിയും മറ്റ് മാലിന്യങ്ങളുമടങ്ങുന്ന മഴ വെള്ളം ഒഴുകിയെത്തുന്നതും ഈ കിണറ്റിലേക്കാണ്. ഇതോടെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമായി. സ്‌കൂളിലെ കിണറ്റില്‍ നിന്നുമാണ് ഇപ്പോള്‍ കോളനിക്കാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. വെള്ളമെടുക്കാന്‍ സ്‌കൂള്‍ ഗേറ്റ് തുറക്കുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലാണ് കോളനിക്കാര്‍. തിരിമുറിയാതെ മഴ പെയ്യുമ്പോഴും കുടിവെള്ളം കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണ് ഈ കോളനിക്കാര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles