കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി:വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വിചിത്ര മറുപടി

കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസ് വയനാട് കളക്ടറേറ്റ് പടിക്കലെ സമരപ്പന്തലില്‍.

കല്‍പ്പറ്റ: അവകാശപ്പെട്ട കൃഷി ഭൂമി തിരിച്ചുപിടിക്കുന്നതിനു വയനാട് കളക്ടറേറ്റ് പടിക്കല്‍ 2015 ഓഗസ്റ്റ് 15 മുതല്‍ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബാഗം കെ.കെ. ജയിംസ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനു വിചിത്ര മറുപടിയുമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണലിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. 1983 നവംബര്‍ രണ്ട്, 1985 ജനുവരി അഞ്ച്, 1985 ഫെബ്രുവരി 18 തീയതികളില്‍ കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ പദവിയില്‍ ഉണ്ടായിരുന്ന ആളുകള്‍ ആരൊക്കെ എന്നായിരുന്നു ജയിംസിന്റെ ചോദ്യം. ജൂണ്‍ 13നു ജയിംസ് തപാല്‍ ചെയ്ത ചോദ്യത്തിനു കഴിഞ്ഞ ദിവസം ലഭിച്ച മറുപടിയില്‍ ‘കത്തില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ ഓഫീസിലെ ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ നിലവില്‍ ലഭ്യമല്ല’ എന്നാണ് അറിയിച്ചത്.
ഭൂമിയുമായി ബന്ധപ്പെട്ട ഫോറസ്റ്റ് ട്രിബ്യൂണല്‍ നടപടികളെയും ഉത്തരവിനെയും കുറിച്ചുള്ള വിവരം കാര്യാലയത്തില്‍ ഇല്ല എന്നു വ്യക്തമാക്കുന്നതാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടിയെന്നു ജയിംസ് പറഞ്ഞു.
കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ കൃഷിഭൂമിയാണ് അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് പിടിച്ചെടുത്തത്. ഇതിനെതിരേ ജോര്‍ജ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നു കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ 1983 നവംബര്‍ രണ്ടിനും 1985 ജനുവരി അഞ്ചിനും നേരിട്ടു സ്ഥലപരിശോധന നടത്തുകയുണ്ടായി. 1985 ഫെബ്രുവരി 18നു ഹര്‍ജി തീര്‍പ്പാക്കി. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി വനത്തിന്റെ ഭാഗമാണെന്നാണ് ട്രിബ്യുണല്‍ വിധിച്ചത്. ട്രിബ്യൂണല്‍ ഉത്തരവിനെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം ഹൈക്കോടതിയില്‍ നടത്തിയ വ്യവഹാരം പരാജയപ്പെടുകയാണുണ്ടായത്. ഇതേത്തുടര്‍ന്നു കുടുംബാംഗങ്ങള്‍ നടത്തി സമരങ്ങളെയും കര്‍ഷക സംഘം ചെലുത്തിയ സമ്മര്‍ദത്തെയും തുടര്‍ന്നു ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2006 ഒക്ടോബര്‍ 11നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം 2007 നവംബര്‍ 24നു കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ ഭൂനികുതി അടച്ചു. എങ്കിലും ഭൂമി ഏതാനും ആഴ്ചകള്‍ മാത്രമാണ് കൈവശം വയ്ക്കാനായത്. കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത സര്‍ക്കാര്‍ നടപടി വണ്‍ എര്‍ത്ത് വണ് ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തടഞ്ഞു. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കിയാണ് പരിസ്ഥിതി സംഘടന സ്റ്റേ സമ്പാദിച്ചത്. ഈ കേസില്‍ പരിസ്ഥിതി സംഘടനയ്ക്കു അനുകൂലമായിരുന്നു വിധി. ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റേതാണെന്നു തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഹാജരാക്കാതിരുന്നതാണ് വിപരീത വിധിക്കു കാരണമായത്.
സ്ഥല പരിശോധന നടത്തിയതും ഉത്തരവ് പുറപ്പെടുവിച്ചതും ഒരേ ആള്‍ ആണോ എന്നു മനസിലാക്കുന്നതിനാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചതെന്നു ജയിംസ് പറഞ്ഞു. ആവശ്യപ്പെട്ട വിവരം രേഖകള്‍ പരിശോധിച്ചതില്‍ ലഭ്യമല്ല എന്ന മറുപടി സംശയാസ്പദമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട ഭൂമി. ഇതു വീണ്ടെടുക്കുന്നതിനു കുടുംബാംഗങ്ങള്‍ കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരം ഇന്നലെ 2,528 ദിവസം പിന്നിട്ടു. 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയും വനം വകുപ്പ് 2013ല്‍ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദുചെയ്തു ഭൂമി തിരികെ തരണമെന്നാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ആവശ്യം. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരണശേഷമാണ് വനം വകുപ്പ് ഭൂമി വിജ്ഞാപനം ചെയ്തത്.
പിടിച്ചെടുത്തതു കൃഷിഭൂമിയാണെന്നു സര്‍ക്കാര്‍ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഹരിതസേന ചെയര്‍മാന്‍ വി.ടി. പ്രദീപ്കുമാര്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. സുരേഷ് എന്നിവരുടെ ഹരജിയില്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ടതാണെന്നു കണ്ടെത്തുകയുണ്ടായി. എങ്കിലും നിയമപരമായ തടസങ്ങള്‍ നീക്കി കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാരിനായില്ല.
പകരം ഭൂമി വേണ്ടെന്നും കമ്പോളവില അനുവദിച്ചാല്‍ സ്വീകരിക്കുമെന്നും കാഞ്ഞിരത്തിനാല്‍ കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. സെന്റിനു രണ്ടര ലക്ഷം രൂപയാണ് കമ്പോളവിലയായി കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ സെന്റിനു 3,217 രൂപയാണ് മാനന്തവാടി തഹസില്‍ദാര്‍ ആദ്യം ശിപാര്‍ശ ചെയ്തത്. പിന്നീട് ഇതു 15,000 രൂപയായി വര്‍ധിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും കുടുംബം നിലപാടില്‍ ഉറച്ചുനിന്നു.
പ്രശ്‌നം നിയമപരമായി പരിഹിക്കുന്നതിനു സഹായം വാഗ്ദാനം ചെയ്തവരെല്ലാം പിന്നീട് പിന്‍മാറിയെന്നു ജയിംസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അഡ്വ.പി.സി. തോമസ് ഭൂ പ്രശ്‌നം സുപ്രീം കോടതിയില്‍ എത്തിച്ചെങ്കിലും കക്ഷികള്‍ അറിയാതെ കേസ് പിന്‍വലിച്ചു. 2021 ഒക്ടോബര്‍ ഒമ്പതിനു വിഖ്യാത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി ലഭ്യമാക്കുന്നതിനു ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പഠിച്ച ശേഷം സൂപ്രീം കോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹം സമരപ്പന്തലില്‍ ജയിംസിനെ അറിയിച്ചത്. എന്നാല്‍ കേസ് സുപ്രീം കോടതിയില്‍ എത്തിക്കുന്നതിനു പ്രശാന്ത് ഭൂഷന്റെ ഭാഗത്തും നീക്കം ഉണ്ടായില്ല. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles