കാലവര്‍ഷം: ജില്ലയില്‍ 112 വീടുകള്‍ തകര്‍ന്നു; 190 ഹെക്ടറില്‍ കൃഷി നാശം

കല്‍പറ്റ: കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെയായി അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 112 വീടുകള്‍ക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേര്‍ക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 375 പോസ്റ്റുകള്‍, 3 ട്രാന്‍സ്‌ഫോര്‍മറുകള്‍, 30 കിലോമീറ്റര്‍ ലൈന്‍ എന്നിവക്ക് നാശം സംഭവിച്ചു.
ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മഴക്കാല കണ്‍ട്രോള്‍ റുമുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി അധികൃതര്‍ അറിയിച്ചു. ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി താലൂക്ക്തലത്തില്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ പൊലീസും കൃഷി വകുപ്പും എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും, അവശ്യഘട്ടങ്ങളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളും അപ്ഡേറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. വെള്ളപൊക്ക-ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു വരുന്നു. അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍/ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നല്‍കി. 31.08.2022 വരെയുള്ള കാലയളവില്‍ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറി പ്രവര്‍ത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles