കാരപ്പുഴ, ബാണാസുര, ബീച്ചനഹള്ളി അണകള്‍ നിറയുന്നു

കാരാപ്പുഴ റിസര്‍വോയര്‍.

കല്‍പറ്റ: കാലവര്‍ഷം ശക്തമായി തുടുരുന്ന വയനാട്ടില്‍ കാരാപ്പുഴ, ബാണാസുര അണകളില്‍ ജല നിരപ്പ് ഉയരുന്നു. ബാണാസുര അണയില്‍ 770.15 മീറ്ററാണ് ശനിയാഴ്ച ജലനിരപ്പ്. 775.6 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയം 763.45 മീറ്റാറായിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശത്തുനിന്നു ദിവസം 8.40 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് അണയിലേക്കു ഒഴുകുന്നത്. പടിഞ്ഞാറത്തറയ്ക്ക് സമീപം ബാണാസുരന്‍മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ബാണാസുരസാഗര്‍ അണ. 61.44 ചതുരശ്ര കിലോ മീറ്ററാണ് വൃഷ്ടിപ്രദേശം. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മണ്ണണയാണ് ഇത്.
763 മീറ്ററാണ് കാരാപ്പുഴ അണയുടെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. 758.6 മീറ്ററാണ് ജല നിരപ്പ്. വൃഷ്ടിപ്രദേശത്തുനിന്നു സെക്കന്‍ഡില്‍ 17.3733 ഘന മീറ്റര്‍ വെള്ളമാണ് അണയില്‍ എത്തുന്നത്. മൂന്നു സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 13.6943 ഘനമീറ്റര്‍ വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം.
കര്‍ണാടകയിലെ എച്ച്ഡി കോട്ടയ്ക്കടുത്തുള്ള ബീച്ചനഹള്ളി, മൈസൂരു ശ്രീരംഗപട്ടണത്തിലെ കെആര്‍എസ് അണക്കെട്ടുകളും നിറയുകയാണ്. രണ്ടു അണകളിലും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 20നു ജലപൂജ നടത്തും. വയനാട്ടിലെ മഴവെള്ളം ഒഴുകിയെത്തുന്ന കബനി നദിക്കു കുറുകെയാണ് ബീച്ചനഹള്ളി അണ. വയനാട്ടിലേതടക്കം വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ബീച്ചനഹള്ളി അണയുടെ ഷട്ടറുകള്‍ ദിവസങ്ങള്‍ മുമ്പു ഭാഗികമായി ഉയര്‍ത്തിയിരുന്നു. നിലവില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലിനടുത്ത് ജലമുണ്ട്.
എച്ച്ഡി കോട്ട താലൂക്കില്‍ സര്‍ഗൂരില്‍നിന്നു ആറ് കിലോ മീറ്റര്‍ അകലെയാണ് ബീച്ചനഹള്ളി. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കൊളവള്ളിയില്‍നിന്നു ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് ഇവിടേക്കു ദൂരം. 1974ല്‍ നിര്‍മിച്ച ബീച്ചനഹള്ളി അണയ്ക്കു 695 മീറ്റര്‍ നീളവും 190 അടി ഉയരവുമുണ്ട്.
19.52 ടിഎംസിയാണ് ജല സംഭരണശേഷി.

0Shares

Leave a Reply

Your email address will not be published.

Social profiles