കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം: ഐ.എന്‍.ടി.യു.സിയില്‍ അമര്‍ഷം പുകയുന്നു 

കല്‍പറ്റ-കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു ഐ.എന്‍.ടി.യു.സി കേരള ഘടകത്തില്‍ അമര്‍ഷം പുകയുന്നു. രാജ്യസഭാ സീറ്റിലേക്കു ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരനെ ശുപാര്‍ശ ചെയ്യണമെന്ന ആവശ്യവുമായി സംഘടനയുടെ ജില്ലാ പ്രസിഡന്റുമാര്‍ സംയുക്തമായി കെ.പി.സി.സി അധ്യക്ഷനു നല്‍കിയ കത്ത് അവഗണിക്കപ്പെട്ടതാണ് അമര്‍ഷത്തിനു കാരണം. രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനു കെ.പി.സി.സി അധ്യക്ഷന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിച്ച പാനലില്‍ ആര്‍.ചന്ദ്രശേഖരന്റെ പേര് ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ഥിയായി തീരുമാനിച്ച ജെബി മേത്തര്‍ക്കു പുറമേ എം.ലിജു, ജയ്‌സണ്‍ ജോസഫ്, ജോണ്‍സണ്‍ അബ്രഹാം, സതീശന്‍ പാച്ചേനി എന്നീ പേരുകളാണ് പാനലില്‍ ഉണ്ടായിരുന്നത്. 
രാജ്യസഭാ സീറ്റിലേക്കു ചന്ദ്രശേഖരനു പരിഗണന ലഭിക്കാതിരുന്നതു ഇന്നു തിരുവനന്തപുരത്ത് ചേരുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം മെയ് മൂന്നിനു ഉദ്ഘാടനം ചെയ്യാനിരിക്കയാണ്. ഇതുമായി ബന്ധപ്പെട്ടാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. ജില്ലാ പ്രസിഡന്റുമാരെയും യോഗത്തിനു വിളിച്ചിട്ടുണ്ട്. 
ആര്‍.ചന്ദ്രശേഖരന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനു ഐ.എന്‍.ടി.യു.സി  ജില്ലാ പ്രസിഡന്റുമാരായ വി.ആര്‍.പ്രതാപന്‍(തിരുവനന്തപുരം), എം.കെ.ഹഫീസ്(കൊല്ലം), മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍(പത്തനംതിട്ട),  ജി.ബൈജു(ആലപ്പുഴ), ഫിലിപ്പ് ജോസഫ്(കോട്ടയം), കെ.വി.ജോര്‍ജ് കരിമറ്റം(ഇടുക്കി), കെ.കെ.ഇബ്രാഹിംകുട്ടി(എറണാകുളം), സുന്ദരന്‍ കുന്നത്തുള്ളി(തൃശൂര്‍), ചീങ്ങന്നൂര്‍ മനോജ്(പാലക്കാട്), വി.പി.ഫിറോസ്(മലപ്പുറം), കെ.രാജീവ്(കോഴിക്കോട്),  പി.പി.ആലി(വയനാട്), ജോസ് ജോര്‍ജ് പ്ലാത്തോട്ടം(കണ്ണൂര്‍), പി.ജി.ദേവ്(കാസര്‍കോട്)എന്നിവര്‍ സംയുക്തമായാണ് കത്ത് നല്‍കിയത്. തൊഴിലാളികളുടെ ആവശ്യങ്ങളും പരാതികളും പാര്‍ലമെന്റില്‍ ഉന്നയിക്കാനും പരിഹാരിക്കാനും തൊഴിലാളി പ്രതിനിധികള്‍ക്ക് അവസരം നല്‍കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നു ഐ.എന്‍.ടി.യു.സി കരുതുന്നതായി കത്തില്‍ വ്യക്തമാക്കിയിരുന്നു.
2006നു ശേഷം ഐ.എന്‍.ടി.യു.സിക്കു നിയമ നിര്‍മാണ സഭകളില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമാരായിരിന്ന കെ.കരുണാകരന്‍, ബി.കെ.നായര്‍, സി.എം.സ്റ്റീഫന്‍, വി.പി.മരക്കാര്‍, കെ.സുരേഷ് ബാബു എന്നിവര്‍ക്കു പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിട്ടുണ്ട്.  എന്നാല്‍ സംസ്ഥാനത്തു ഒരു പതിറ്റാണ്ടിലധികമായി തെരഞ്ഞെടുപ്പുകളില്‍ ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസ് നേതൃത്വം തഴയുകയാണ്.  
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ചന്ദ്രശേഖരനെ പരിഗണിച്ചെങ്കിലും സീറ്റ് നല്‍കിയില്ല. 2014ലെപാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ മത്സരത്തിനൊരുങ്ങാന്‍ ആര്‍.ചന്ദ്രശേഖരനു പാര്‍ട്ടി നിര്‍ദേശം ലഭിച്ചതാണ്. എന്നാല്‍  യു.ഡി.എഫിലേക്കുള്ള ആര്‍.എസ്.പിയുടെ വരവോടെ അവസരം നഷ്ടമായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ മുഴുവന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമാരും പ്രതിഷേധിച്ചതാണ്. അപ്പോള്‍, തെറ്റുപറ്റിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്നും കെ.പി.സി.സിയുടെ ഉന്നത നേതാക്കള്‍ ഉറപ്പുനല്‍കി. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബോധപൂര്‍വമായ അവഗണന ഐ.എന്‍.ടി.യു.സിക്ക് നേരിടേണ്ടിവന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ഐ.എന്‍.ടി.യു.സി കേരള ഘടകത്തില്‍ 2007 മുതല്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ആര്‍.ചന്ദ്രശേഖരനു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ ഉണ്ടാകുന്നതു കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമാരുടെ കത്ത്. തൊഴിലാളി നേതാവായിരുന്ന വി.വി.ഗിരി രാഷ്ട്രപതിയായതും ഐ.എന്‍.ടി.യു.സി  പ്രസിഡന്റായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായതും 1978ല്‍ ഐ.എന്‍.ടി.യു.സി.  സംസ്ഥാന പ്രസിഡന്റായിരുന്ന സി.എം.സ്റ്റീഫന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവായതും തൊഴിലാളികള്‍ക്കും സംഘടനയ്ക്കും ലഭിച്ച അംഗീകാരമായിരുന്നുവെന്നും കത്തില്‍  വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published.

Social profiles