ക്ഷയരോഗ നിവാരണം: വയനാടിനു പുരസ്‌കാരം

കല്‍പറ്റ-ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷനില്‍ വയനാടിന് സ്വര്‍ണമെഡല്‍. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2015 നെ അപേക്ഷിച്ച് 2022ല്‍ ക്ഷയരോഗം കുറഞ്ഞുവോയെന്നു പരിശോധിക്കുന്നതിനു നടത്തിയ സര്‍വേയാണ് പുരസ്‌കാര നിര്‍ണയത്തിന്റെ അടിസ്ഥാനം. ഈ സര്‍വേ ഫലങ്ങള്‍ക്കനുസൃതമായും കഴിഞ്ഞ ഏഴുവര്‍ഷത്തെ ജില്ലയുടെ ടി.ബി നിവാരണ പ്രവര്‍ത്തനങ്ങളും പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണിച്ചു. വ്യക്തികളുടെ വിവരശേഖരണം, മരുന്നുകളോടുള്ള രോഗികളുടെ മനോഭാവം, സ്വകാര്യമേഖലകളിലെ ഡോക്ടര്‍മാരുടെ ടി.ബി ചികിത്സയുടെ ഗ്രൂപ്പ് ചര്‍ച്ച തുടങ്ങി ഏറെ കടമ്പകള്‍ പിന്നിട്ടാണ് വയനാടിന് നേട്ടം കൈവരിക്കാനായത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കം ജില്ലയിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
ജില്ലയില്‍ 15 വില്ലേജുകളിലായി ഫെബ്രുവരി 19 മുതല്‍ 15 ദിവസം നീണ്ട സര്‍വേയാണ് നടന്നത്. 15 ടീമുകളായി ആശ പ്രവര്‍ത്തകരും ആര്‍.ബി.എസ.്കെ നഴ്സുമാരും അക്ഷീണം പ്രവര്‍ത്തിച്ചു. 10,000 വീടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കി. 35,000 ആളുകളെ സ്‌ക്രീനിംഗിനു വിധേയരാക്കി. ഇതില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് ക്രോഡീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. കേരളത്തില്‍നിന്നു വയനാടിന് പുറമേ മലപ്പുറം ജില്ലയ്ക്കും സുവര്‍ണനേട്ടമുണ്ട്.

Leave a Reply

Your email address will not be published.

Social profiles