22 യുവതികള്‍ക്കു മംഗല്യഭാഗ്യമൊരുക്കി മാനന്തവാടി സ്പന്ദനം

കല്‍പറ്റ-മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂട്ടായ്മയായ സ്പന്ദനം 16-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗോത്ര വിഭാഗങ്ങളിലേതടക്കം 22 നിര്‍ധന യുവതികളുടെ വിവാഹം നടത്തുന്നു. 27നു രാവിലെ 10നു മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ അങ്കണത്തിലാണ് വിവാഹ സംഗമവും വാര്‍ഷികാഘോഷവും. വധുക്കളില്‍ കര്‍ണാടകയിലെ ബൈരക്കുപ്പ, തമിഴുനാട്ടിലെ ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ ആളുകള്‍ അടക്കം ഒമ്പതു പേര്‍ ഗോത്ര വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. മുസ്‌ലിം സമുദായാംഗങ്ങളാണ് 12 പേര്‍. മത, ഗോത്ര ആചാരപ്രകാരം വിവാഹം നടത്തുന്നതിനു സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കും. ഓരോ വധുവിനും രണ്ടു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വിവാഹസമ്മാനമായി നല്‍കും. വിവാഹ വസ്ത്രങ്ങളും സ്പന്ദനം വകയാണ്. വിവാഹസദ്യയും ഒരുക്കും.
70 ലക്ഷം രൂപയാണ് വിവാഹ സംഗമത്തിനു കണക്കാക്കുന്ന ചെലവ്. ഈ തുക സ്പന്ദനം മുഖ്യ രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ(ഋഷി ഗ്രൂപ്പ്) മാനന്തവാടി താന്നിക്കല്‍ വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസും പത്‌നി ജോളി ജോസഫുമാണ് ലഭ്യമാക്കുന്നതെന്നു സംഘാടക സമിതി ചെയര്‍മാന്‍ ഫാ.വര്‍ഗീസ് മറ്റമന, കണ്‍വീനര്‍ ബാബു ഫിലിപ്പ് കുടുക്കച്ചിറ, സ്പന്ദനം സെക്രട്ടറി പി.സി.ജോണ്‍ എന്നിവര്‍ പറഞ്ഞു.
നിര്‍ധന രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം തുടങ്ങിയതാണ് സ്പന്ദനം. ഋഷി ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദ നിധിയില്‍നിന്നു സഹായം ലഭിച്ചുതുടങ്ങിയതോടെ പ്രവര്‍ത്തന മേഖല വിപുലീകരിച്ചു. 2018ലെ പ്രളയകാലത്തു വയനാട്ടില്‍ ഉടനീളം ഭക്ഷണപ്പൊതികളും പുതപ്പും വസ്ത്രങ്ങളും വിതരണം ചെയ്തു. 10 കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കി. 50 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു സാമഗ്രികള്‍ ലഭ്യമാക്കി. 2019ല്‍ വേമോം കോളനിയില്‍ 25 കുടുംബങ്ങള്‍ക്കായി കുടിവെള്ള പദ്ധതി നടപ്പിലാക്കി. കോവിഡ് കാലത്തും സേവന രംഗത്തു സജീവമായി.
സ്പന്ദനത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അടുത്തിടെ ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ച വെള്ളമുണ്ട കൈപ്പാണി ഇബ്രാഹിം. മരണത്തിനു മുമ്പു ഇദ്ദേഹം മുന്നോട്ടുവെച്ചതായിരുന്നു സമൂഹ വിവാഹം എന്ന ആശയം. 22 നിര്‍ധന യുവതികളുടെ വിവാഹം നടത്തുന്നതിലൂടെ ഇബ്രാഹിമിനോടുള്ള ആദരവ് അറിയിക്കുകയുമാണ് സ്പന്ദനം ചെയ്യുന്നതെന്നു സെക്രട്ടറി പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചേരുന്ന സാംസ്‌കാരിക സദസ്സ് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സ്പന്ദനം പ്രസിഡന്റ് ഡോ.ഗോകുല്‍ദേവ് അധ്യക്ഷത വഹിക്കും. 2022-23ലേക്കുള്ള സ്പന്ദനം ജീവകാരുണ്യനിധി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ് കൈമാറും. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, പുല്‍പള്ളി പഴശ്ശിരാജാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.മോഹന്‍ബാബു, നീലഗിരി കോളേജ് ചെയര്‍മാന്‍ റാഷിദ് ഗസാലി, എം.എല്‍.എമാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദീഖ് എന്നിവര്‍ പ്രസംഗിക്കും. വടക്കേടത്ത് ദമ്പതികളുടെ രണ്ടു പുത്രന്‍മാരുടെ വിവാഹ സ്വീകരണ ആഘോഷവും സമൂഹ വിവാഹ സംഗമത്തോടനുബന്ധിച്ചു നടത്തും.

Leave a Reply

Your email address will not be published.

Social profiles