സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ വിദ്യാര്‍ഥികളുടെ
അവകാശ സംരക്ഷണത്തിന് ചട്ടങ്ങള്‍ കൊണ്ടുവരണം-ബാലാവകാശ കമ്മീഷന്‍

കല്‍പറ്റ-സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനും ബാലാവകാശ ലംഘനങ്ങള്‍ തടയുന്നതിനും കേരള പഞ്ചായത്തീരാജ്-നഗരപാലിക നിയമങ്ങള്‍ വിപുലീകരിച്ച് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയോ പ്രത്യേക ചട്ടങ്ങള്‍ കൊണ്ടു വരുകയോ ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് പ്രത്യേക ചട്ടം കൊണ്ടു വരണം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ ഭരണ സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, തിരുവനന്തപുരം നഗരാസുത്രണ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ശിശു സൗഹൃദ സാഹചര്യത്തില്‍ പഠനം നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിനും അവകാശ ലംഘന പരാതി പരിഹാരത്തിനും വ്യവസ്ഥ ആവശ്യമാണെന്നും കമ്മീഷന്‍ അംഗങ്ങളായ കെ.നസീര്‍, ബി.ബബിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ 2020ല്‍ എന്‍ട്രന്‍സ് കോച്ചിംഗിനു ചേര്‍ന്ന വിദ്യാര്‍ഥിനി ഫീസായി 75,000 രൂപ അടച്ചതിനുശേഷം ആരോഗ്യപ്രശ്നങ്ങള്‍ നിമിത്തം പഠനം ഉപേക്ഷിച്ചു. ചികിത്സക്കും മറ്റുമായി ഭീമമായ തുക ആവശ്യമായതിനാല്‍ പഠനം തുടരാനും കഴിഞ്ഞില്ല. കോഴ്സ് ഫീസായി അടച്ചതില്‍നിന്നു ന്യായമായ തുക തിരികെ ലഭിക്കണമെന്ന് കാണിച്ച് കല്‍പറ്റ ദേവിചന്ദന നാരായണ്‍, മീനങ്ങാടി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ നടപടി സീകരിച്ചതിനെത്തുടര്‍ന്നു അടച്ച ഫീസിന്റെ ഒരു ഭാഗം സ്ഥാപനം തിരികെ നല്‍കി കേസ് തീര്‍പ്പാക്കിയിരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം വിദ്യാര്‍ഥികളും മത്സര പരീക്ഷാ പരിശീലനത്തിനായി സ്വകാര്യ കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നതിനാല്‍ കുട്ടികളുടെ അവകാശ ലംഘനം അത്തരം സ്ഥാപനങ്ങളില്‍ ഉണ്ടാകാതിരിക്കാനാണ് കമ്മീഷന്റെ ഇടപെടല്‍.

Leave a Reply

Your email address will not be published.

Social profiles