ശോഭയുടെ മരണം: കുറുക്കന്‍മൂല ഊര് സമിതി ധര്‍ണ നടത്തി

കുറുക്കന്‍മൂല ഊര് സമിതി വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എ.പൗരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-മാനന്തവാടി കുറുക്കന്‍മൂല കളപ്പുര ആദിവാസി കോളനിയിലെ ശോഭയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു കുറുക്കന്‍മൂല ഊരു സമിതിയുടെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. 2020 ഫെബ്രുവരി മൂന്നിനു പുലര്‍ച്ചെ കളപ്പുര കോളനിക്കു സമീപം വയലിലാണ് ശോഭയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വയലിലെ വൈദ്യുത വേലിയില്‍നിന്നു ഷോക്കേറ്റതാണ് ശോഭയുടെ മരണത്തിനു കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ശോഭ മദ്യം കഴിച്ചിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശോഭ കൊല്ലപ്പെടുകയായിരുന്നുവെന്നതിനു സൂചനകള്‍ ഉണ്ടായിട്ടും അപകടമരണമായി ചിത്രീകരിക്കാനാണ് ലോക്കല്‍ പോലീസ് ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ ശോഭയുടെ മാതാവ് അമ്മിണി ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. മാസങ്ങളായി തുടരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഊര് സമിതി സമരം സംഘടിപ്പിച്ചത്.
പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എ.പൗരന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി ഫോറം നേതാവ് വെള്ള അധ്യക്ഷത വഹിച്ചു. കെ.ജെ.സിന്ധു, മുജീബ് റഹ്‌മാന്‍ അഞ്ചുകുന്ന്, ഡോ.പി.ജി.ഹരി, പി.പി.ഷാന്റോലാല്‍, മാക്ക പയ്യമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles