ആഫ്രിക്കന്‍ പനി: പന്നികള്‍ക്കു ഇന്നു മുതല്‍ ദയാവധം

കല്‍പ്പറ്റ: വയനാട്ടില്‍ ആഫ്രിക്കന്‍ പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വളര്‍ത്തുന്ന പന്നികളെ ദയാവധത്തിനു വിധേയമാക്കുന്നതിനു ഇന്നു തുടക്കമാകും. തവിഞ്ഞാല്‍ പഞ്ചായത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്തിയ സ്വകാര്യ ഫാമിലുള്ള പന്നികളെയാണ് ഘട്ടങ്ങളായി ആദ്യം ദയാവധത്തിനു വിധേയമാക്കുക. 300ല്‍ അധികം പന്നികളുള്ള ഈ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വേറേ പന്നിക്കര്‍ഷകരില്ല. മാനന്തവാടി നഗരസഭയിലെ കണിയാരത്തിനു സമീപം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമില്‍ നിലവില്‍ പന്നികളില്ല. എന്നാല്‍ ഈ ഫാമിനു ഒരു കിലോമീറ്റര്‍ പരിധിയില്‍ നിരവധി കര്‍ഷകര്‍ക്കു പന്നിക്കൃഷിയുണ്ട്. ദയാവധം ചെയ്യേണ്ട പന്നികളുടെ ആകെ എണ്ണം അറുനൂറിനു മുകളില്‍ വരുമെന്നു മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.
മണ്ണുത്തി വെറ്ററിനറി കോളജില്‍നിന്നു എത്തിച്ച ഇലക്ട്രിക് സ്റ്റണ്ണര്‍ ഉപയോഗിച്ചു ബോധം കെടുത്തിയശേഷമാണ് പന്നികളെ ദയാവധം ചെയ്യുക. ഹൃദയത്തില്‍ മുറിവുണ്ടാക്കുന്നതടക്കം മാര്‍ഗങ്ങളാണ് ഇതിനു അവലംബിക്കുക. ദയാവധം നടത്തുന്ന മുറയ്ക്കു പന്നികളെ കൂട്ടത്തോടെ കുഴിച്ചുമൂടും. ജഡങ്ങള്‍ സംസ്‌കരിക്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങളുണ്ട്.
ദയാവധത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പത്തോളം അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബോറോട്ടറിയിലെ സാംപിള്‍ പരിശോധനയിലാണ് മാനന്തവാടിക്കടുത്ത് ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
രോഗവ്യാപനം തടയുന്നതിനു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണമേഖലയാണ്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്നുള്ള പന്നിമാസം വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. ഇവിടെനിന്നു പന്നികളെ മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. വിവിധ വകുപ്പുദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന റാപിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തിച്ചുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles