കാര്‍ഷിക പ്രതിസന്ധി: കര്‍ഷക വിലാപയാത്രയുമായി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം

കല്‍പറ്റ-സ്വതന്ത്ര കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. ജില്ലയില്‍ ബാങ്ക് വായ്പ കുടിശ്ശികയാക്കിയ ആയിരക്കണക്കിനു കര്‍ഷകര്‍ സര്‍ഫാസി, റവന്യൂ റിക്കവറി ഭീഷണിയില്‍ കഴിയുന്ന സാഹചര്യത്തിലാണ് ഫോറം പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത്. കടാശ്വാസ പദ്ധതിയുള്‍പ്പെടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു കര്‍ഷകരെ സഘടിപ്പിച്ചു സമരരംഗത്തിറക്കാനാണ് ഫോറം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 31നു ഉച്ചകഴിഞ്ഞു രണ്ടിനു ഫോറം സ്ഥാപക നേതാവ് അന്തരിച്ച എ.സി.വര്‍ക്കിയുടെ സ്വദേശമായ നടവയലില്‍ കര്‍ഷക കണ്‍വന്‍ഷന്‍ നടത്തും. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ബത്തേരി നിയോജകമണ്ഡലം പരിധിയില്‍ കര്‍ഷക വിലാപയാത്ര സംഘടിപ്പിക്കും.
വിളകളുടെ ഉല്‍പാദനക്കുറവ്, വിലത്തകര്‍ച്ച, വന്യജീവി ശല്യം, കോവിഡ് തുടങ്ങിയവ കൃഷിക്കാരുടെ ജീവിതതാളം തെറ്റിച്ചിട്ടിട്ടും തക്കതായ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാന്‍ ഭരണാധികാരികള്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് കര്‍ഷകരെ സമരസജ്ജരാക്കുന്നതെന്നു ഫോറം സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയാസ്, കണ്‍വീനര്‍ എന്‍.ജെ.ചാക്കോ, ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, ജില്ലാ പ്രസിഡന്റ് പി.എം.ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, സര്‍ഫാസി-ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുക, ഓരോ കര്‍ഷകനും 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, ഈട്ടിയും തേക്കും ഉള്‍പ്പെടെ മരങ്ങള്‍ മുറിച്ചുവില്‍ക്കുന്നതിനു എല്ലാത്തരം പട്ടയം ഉടമകള്‍ക്കും അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് കൃഷിക്കാരെ ഫോറം സമരത്തിനു ഒരുക്കുന്നതെന്നു സംസ്ഥാന ട്രഷറര്‍ ടി.ഇബ്രാഹിം, ജില്ലാ കണ്‍വീനര്‍ എ.എന്‍.മുകുന്ദന്‍ എന്നിവര്‍ പറഞ്ഞു. ഒന്നിനു രാവിലെ 8.30നു പുല്‍പള്ളി പഞ്ചായത്തിലെ വേലിയമ്പത്താണ് കര്‍ഷക വിലാപയാത്രയ്ക്കു തുടക്കം. രണ്ടിനു വൈകുന്നേരം പൂതാടി പഞ്ചായത്തിലെ ഇരുളത്ത് സമാപിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles