ഗുണ്ടല്‍പേട്ട വിളിക്കുന്നു; പൂക്കാഴ്ചകള്‍ കാണാന്‍

ഗുണ്ടല്‍പേട്ടയിലെ പൂപ്പാടങ്ങള്‍

ഗുണ്ടല്‍പേട്ട: സ്വര്‍ണ വര്‍ണ്ണത്താല്‍ വിരിഞ്ഞ് നില്‍ക്കുന്ന ഗുണ്ടല്‍പേട്ടയിലെ പൂപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ നിലക്കാത്ത ഒഴുക്ക്. മുത്തങ്ങയോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാന അതിര്‍ത്തിയായ കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ട, നഞ്ചന്‍കോട് എന്നിവിടങ്ങളിലാണ് സൂര്യകാന്തി, ചെണ്ടുമല്ലി പൂക്കള്‍ പൂത്ത് കാഴ്ചക്കൗതുകം തീര്‍ക്കുന്നത്.
ദേശീയപാത 766ന് ഇരുവശത്തുമായാണ് പൂപ്പാടങ്ങള്‍ കണ്ണെത്താ ദൂരത്തോളം വര്‍ണ്ണം വാരിവിതറി പൂത്തുനില്‍ക്കുന്നത്. ജൂലൈ ആദ്യം വാരം മുതല്‍ വിരിഞ്ഞുതുടങ്ങിയ പൂക്കള്‍ ഗോപാല്‍സ്വാമി പേട്ടിന് താഴെ മലയടിവാരമാകെ മഞ്ഞയും ചുവപ്പും നിറത്താല്‍ നിറഞ്ഞുകഴിഞ്ഞു. കേരളത്തിലെ ഓണക്കാലം, പെയിന്റ് വിപണി എന്നിവ ലക്ഷ്യം വെച്ചാണ് പൂപ്പാടങ്ങള്‍ കര്‍ണാടകയില്‍ ഒരുങ്ങുന്നത്. മനം നിറക്കുന്ന ഈ കാഴ്ച കാണാന്‍ കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തുന്നത്.
കര്‍ണാടക അതിര്‍ത്തി പിന്നിട്ട് വനപ്രദേശവും കഴിഞ്ഞെത്തുന്ന മഥൂര്‍ മുതല്‍ തുടങ്ങുന്നതാണ് പാതക്ക് ഇരുവശവും പൂത്തുലഞ്ഞു കിടക്കുന്ന പൂപ്പാടം. ഹെക്ടര്‍ കണക്കിന് പാടമാണ് പൂക്കളാല്‍ സമൃദ്ധമായിരിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരം വരെ ഗുണ്ടല്‍പേട്ടയിലേക്ക് ഈ പൂപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക് തുടരും.
ഒഴിവു ദിവസമായിരുന്ന ഞായറാഴ്ച പൂപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വയനാട് ജില്ലയില്‍ നിന്നും ഇതരജില്ലകളില്‍ നിന്നുമുള്ള മലയാളികളാണ് പൂപ്പാടം കാണാന്‍ എത്തിയതില്‍ ഭൂരിപക്ഷവും. സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴി മുതല്‍ തന്നെ ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ വന്‍തിരക്കായിരുന്നു ഇന്നലെ രാവിലെ മുതല്‍. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പൂപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിര്‍ത്തി ചെക്ക് പോസ്റ്റായ മൂലഹള്ളയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ പലരും യാത്ര ഉപേക്ഷിക്കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles