വെറ്ററിനറി സര്‍വകലാശാല നടത്തിവരുന്നതു 51 ഗവേഷണ പ്രൊജക്ടുകള്‍
*വയനാട് സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനു രണ്ടു പദ്ധതികള്‍ സമര്‍പ്പിച്ചു

കല്‍പറ്റ-കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല നടത്തിവരുന്നത് 51 ഗവേഷണ പ്രൊജക്ടുകള്‍. ഐ.സി.എ.ആര്‍-10, ആര്‍.കെ.വി.ഐ-നാല്, ഡി.എസ്.ടി-ഏഴ്, കെ.എസ്.സി.എസ്.ടി.ഇ-13, എ.എച്ച്.ഡി-മൂന്ന്, എ.ടി.എം.എ-രണ്ട്, നബാര്‍ഡ്-രണ്ട്, എന്‍.എം.പി.ബി-ഒന്ന്, ഐ.ഡി.എസ്.ബി-ഒന്ന്, ഡി.ബി.ടി-ഒന്ന്, ഡി.ടി.ആര്‍.എ-ഒന്ന്, എന്‍.എം.പി.ബി-ഒന്ന്, മറ്റു ഏജന്‍സികള്‍-നാല് എന്നിങ്ങനെയാണ് 24.88 കോടി രൂപ അടങ്കലില്‍ നടത്തുന്ന ഗവേഷണ പ്രൊജക്ടുകളുടെ എണ്ണം. 2022-23ലെ ബജറ്റ് പ്രസംഗത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് വ്യക്തമാക്കിയതാണ് ഈ വിവരം.
അക്കാദമിക് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ മീറ്റ്(ഹൈദരാബാദ്), സെന്‍ട്രല്‍ കോസ്റ്റല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ഗോവ), അര്‍ജുന നാച്യുറല്‍സ്(കൊച്ചി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബയോടെക്‌നോളജി(ഹൈദരാബാദ്), ഡി.എം.വിംസ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍(മേപ്പാടി, വയനാട്), രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി(തിരുവനന്തപുരം)എന്നിവയുമായി സര്‍വകലാശാല ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കൊയിലാണ്ടി, കാക്കൂര്‍ എന്നിവിടങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിനു നടപടികള്‍ പുരോഗതിയിലാണ്.
ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ ഉള്‍പ്പെുടത്തുന്നതിനു ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജി(17.3 കോടി രൂപ), വന്യജീവി ഗവേഷണത്തിനും ആദിവാസി ക്ഷേമത്തിനുമുള്ള പശ്ചിമഘട്ട മേഖല ഇന്‍സ്റ്റിറ്റ്യൂട്ട്(2.84 കോടി), സ്മാര്‍ട്ട് ലൈവ് സ്‌റ്റോക്ക് പ്രൊഡക്ഷന്‍(5.2 കോടി), മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(9.38 കോടി), ഏകാരോഗ്യം(18.75 കോടി രൂപ) എന്നീ പ്രൊജക്ടുകള്‍ കെ.എസ്.എച്ച്.ഇ.സിക്കു സമര്‍പ്പിച്ചിട്ടണ്ട്.
കാമ്പസുകളില്‍ ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് സെന്ററുകള്‍ വികസിപ്പിക്കാന്‍ സംസ്ഥാന ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ വെറ്ററിനറി സര്‍വകലാശാലയ്ക്കു നീക്കിവെച്ചിട്ടിണ്ട്. കാമ്പസുകളില്‍ പുതിയ ഹ്രസ്വകാല കോഴ്‌സുകളും പി.ജി കോഴ്‌സുകളും പ്രൊജക്ട് മോഡില്‍ ആരംഭിക്കും. കൊയിലാണ്ടി നഗരസഭയില്‍ കാമ്പസ് ആരംഭിക്കുന്നതിനു വെറ്ററിനിറി സര്‍വകലാശാലയ്ക്കു നാല് ഏക്കര്‍ സ്ഥലം കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സര്‍വകലാശാലയുടെ മണ്ണുത്തി കാമ്പസില്‍ ‘എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് റഫറല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറി ഫോര്‍ സപ്പോര്‍ട്ടിംഗ് ലൈവ് സ്‌റ്റോക്ക് ഫാമിംഗ് ആന്ഡജ് ഡയഗ്‌നോസ്റ്റിക് സൂനോടിക് ഡിസീസ്’പദ്ധതിക്കായുള്ള നിര്‍മാണങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. വരുന്ന വര്‍ഷത്തെ വയനാട് സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനു മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍(21 കോടി രൂപ), നോളജ് പാര്‍ക്ക്(30 കോടി രൂപ) എന്നീ പദ്ധതികള്‍ ജില്ലാ അധികാരികള്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാന ബജറ്റില്‍ വെറ്ററിനറി സര്‍വകലാശാലയ്ക്കു 94.35 കോടിയുടെ പദ്ധതിയേതര വിഹിതവും 49 കോടി രൂപയുടെ പദ്ധതി വിഹിതവും വകകൊള്ളിച്ചിട്ടുണ്ട്. ആര്‍.ഐ.ഡി.എഫ് ഇനത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു 14.42 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പദ്ധതിയേതര വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.42 കോടി രൂപ കുറവാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. 191.08 കോടി രൂപ വരവും 264.34 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തില്‍ അവതരിപ്പിച്ച കമ്മി ബജറ്റ്.

Leave a Reply

Your email address will not be published.

Social profiles