കറവമാടുകളുമായി ക്ഷീര കര്‍ഷകര്‍ ധര്‍ണ നടത്തി

ക്ഷീര കര്‍ഷകര്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ കറവമാടുകളുമായി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി, പാല്‍ വില ലിറ്ററിനു 50 രൂപയാക്കുക, ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക, കാലിത്തീറ്റ വില നിയന്ത്രിക്കുക, കാലിത്തീറ്റക്ക് 50 ശതമാനം സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എം.ഡി.എഫ്.എ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങള്‍ മുഖേന അളക്കുന്ന പാല്‍ ലിറ്ററിനു ശരാശരി 35 രൂപയാണ് കര്‍ഷകര്‍ക്കു വില ലഭിക്കുന്നത്. ഉല്‍പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതല്ല ഈ വില. ഒരു ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കുന്നതിന് 40 മുതല്‍ 45 രൂപ വരെയാണ് നിലവില്‍ ചെലവ്. ഒരു ലിറ്റര്‍ പാല്‍ 10 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ക്കു നല്‍കുന്നത്. 2017-ല്‍ കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിനു 800 രൂപയായിരുന്നു വിലയെങ്കില്‍ നിലവിലത് 1,500 രൂപയാണ്. പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയുടെ വില ഓരോ വര്‍ഷവും കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മത്തായി പുള്ളോര്‍കുടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി താജ് മന്‍സൂര്‍ മുഖ്യപ്രഭാഷണം നടത്തി. വിമല്‍മിത്ര വാഴവറ്റ, ബാലു ടി.നായര്‍, ബിജു സുരേന്ദ്രന്‍, ലില്ലി മാത്യു, പി.എസ്.അഭിലാഷ്, വിഷ്ണുപ്രസാദ്, എം.ആര്‍.ജനകന്‍, പി.എന്‍. രാജന്‍ , ഇസ്മയില്‍, മനാഫ്, ശിവകുമാര്‍, പി.അജിത്, ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles