കല്‍പറ്റ മുനിസിപ്പല്‍ ബജറ്റില്‍ കുടിവെള്ള വിതരണത്തിനു 6.9 കോടി

കല്‍പറ്റ നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത അവതരിപ്പിക്കുന്നു. ചെയര്‍മാന്‍ കെയെംതൊടി മുജീബ് സമീപം.

കല്‍പറ്റ-കുടിവെള്ള വിതരണത്തിനും ഭവന നിര്‍മാണത്തിനും പ്രാധാന്യം നല്‍കി കല്‍പറ്റ നഗരസഭയുടെ ബജറ്റ്. വരവ്- 55.2 കോടി രൂപ വരവും 54.48 കോടി രൂപ ചെലവും 72.41 ലക്ഷം രൂപ നീക്കിയിരിപ്പും കണക്കാക്കുന്നതാണ് വൈസ് ചെയര്‍പേഴസണ്‍ കെ.അജിത അവതരിപ്പിച്ച ബജറ്റ്. ചര്‍ച്ചയ്ക്കുശേഷം ബജറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചു.
കുടിവെള്ള വിതരണത്തിനു 6.9 ഉം ഭവന നിര്‍മാണത്തിനു 5.7 ഉം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ശുചിത്വം, വിനോദം, പശ്ചാത്തല വികസനം എന്നീ മേഖലകള്‍ക്കും പ്രത്യേക പരിഗണനയുണ്ട്.
നഗരത്തിലെ ഏല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന്‍ എന്ന ലക്ഷ്യത്തോടെയാണ് 6.9 കോടി രൂപ വകകൊള്ളിച്ചതെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബും വൈസ് ചെയര്‍പേഴസനും ബജറ്റ് അവതരണത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയില്‍ പുതുതായി 210 ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
ക്ലീന്‍ കല്‍പറ്റ പദ്ധതിയുടെ തുടര്‍ച്ചയായി വിഭാവനം ചെയ്ത സ്മാര്‍ട്ട് കല്‍പറ്റ പദ്ധതിക്കു ബജറ്റില്‍ 2.15 കോടി രൂപ നീക്കിവെച്ചതായി ചെയര്‍മാന്‍ പറഞ്ഞു. ഈ പദ്ധതിയില്‍ നഗരത്തിലെ കവലകളില്‍ സൈന്‍ ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളും വിവിധയിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും കൈനാട്ടി ജംഗ്ഷനില്‍ ഗാന്ധി പ്രതിമയും സ്ഥാപിക്കും. ക്ലോക്ക് ടവര്‍ നിര്‍മിക്കും. നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കും.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കു ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തി. ആരോഗ്യസുരക്ഷയ്ക്കു ഒരു കോടി രൂപ നീക്കിവെച്ചു. 1.71 കോടി രൂപയാണ് പശ്ചാത്തല വികസനത്തിന് വകകൊള്ളിച്ചത്. വിനോദം-75 ലക്ഷം, മുണ്ടേരി പാര്‍ക്ക് നവീകരണം-50 ലക്ഷം രൂപ, ആനപ്പാറ-മുണ്ടേരി റോഡ് നവീകരണം-2.93 കോടി, നവീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്കു ഈ റോഡില്‍ എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കല്‍(നാട്ടുവെളിച്ചം പദ്ധതി)-25 ലക്ഷം, കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കു ചികിത്സ(സ്‌നേഹ സ്പര്‍ശം പദ്ധതി)-10 ലക്ഷം, ഇത്തരം രോഗികളുടെ പുനരധിവാസം-അഞ്ചു ലക്ഷം, മാലിന്യ സംസ്‌കരണം-1.15 കോടി, ടൗണ്‍ഹാള്‍ പുനര്‍നിര്‍മാണം-അഞ്ചു കോടി, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പരിരക്ഷ(ആശ്വാസം പദ്ധതി)-35 ലക്ഷം, ഹരിതകര്‍മ സേന-എട്ടു ലക്ഷം, വനിത ശക്തീകരണം-40 ലക്ഷം, വിദ്യാഭ്യാസം-41 ലക്ഷം രൂപ എന്നിങ്ങനെയും ബജറ്റില്‍ തുക നീക്കിവെച്ചു. മുണ്ടേരി, കൈനാട്ടി ഗവ.ആശുപത്രികളിലെ ചികിത്സയ്ക്കു വീട്ടില്‍നിന്നു ഒ.പി ടിക്കറ്റ് എടുക്കാവുന്ന പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ചെയര്‍മാന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles