നന്ദകുമാറിന്റെ കൃഷിയിടത്തിനു കാടിന്റെ ചന്തം

കല്‍പറ്റ-സംസ്ഥാന വനം വകുപ്പിന്റെ ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡ് മടക്കിമല നന്ദനത്തില്‍ പി.എം.നന്ദകുമാറിനു അര്‍ഹിക്കുന്ന അംഗീകാരമായി. കാടിന്റെ ചന്തം പൊഴിക്കുന്ന കൃഷിയിടമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഒന്നര ഏക്കര്‍ കൃഷിയിടത്തില്‍ ആരെയും അതിശയിപ്പിക്കുന്ന ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നന്ദകുമാര്‍ നടത്തുന്നത്. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ റെഡ് ഡാറ്റ ബുക്കില്‍ രേഖപ്പെടുത്തിയ ആര്‍.ഇടി (റെയര്‍ എന്റമിക് ആന്‍ഡ് ത്രട്ടന്റ്) വിഭാഗത്തില്‍പ്പെടുന്നതടക്കം പശ്ചിമഘട്ടത്തിലെ അപൂര്‍വവും തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ 150ല്‍ കൂടുതല്‍ വൃക്ഷങ്ങളും 130 തരം വന്യ ഓര്‍ക്കിഡുകളും ഇരുനൂറോളം ഔഷധ സസ്യങ്ങളും നന്ദകുമാറിന്റെ കൃഷിയിടത്തിലുണ്ട്. തരിശായിരുന്ന ഭൂമി 18 വര്‍ഷം നീണ്ട അധ്വാനത്തിലൂടെയാണ് വനസമാനമാക്കിയത്. പുരയിടത്തിന്റെ ഭാഗമായിരുന്നതും ക്ഷയിച്ചതുമായ കാവ് നന്ദകുമാര്‍ പുനര്‍നിര്‍മിച്ചു. കാവില്‍ മാത്രം 20 ഇനം മുളകളും 18 ഇനം കാട്ടുവള്ളികളുമുണ്ട്.
മടക്കിമലയിലെ നാരായണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനാണ് 53കാരനായ നന്ദകുമാര്‍.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ അനിതയും മകള്‍ ശ്വേതയും അടങ്ങുന്നതാണ് കുടുംബം. കല്‍പറ്റയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അവാര്‍ഡ് സമ്മാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles