നാളെ കര്‍ക്കടകം 14, കുറുമസമുദായം പിതൃസ്മരണ പുതുക്കും

പുല്‍പ്പള്ളി: വയനാടിന്റെ അറിയപ്പെടുന്ന ചരിത്ര പ്രകാരം ആദ്യത്തെ രാജവംശം വേടന്മാരുടേതാണ്. അവരുടെ പിന്മുറക്കാരാണ് ഇന്നത്തെ കുറുമര്‍ എന്നാണ് വിശ്വാസം. ഗോത്രായുഗ സ്മൃതികളുണര്‍ത്തി വയനാട്ടിലെ കുറുമര്‍ കര്‍ക്കടക പതിനാല് പിതൃപൂജാദിനമായി ആചരിക്കാറുണ്ട്. 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ് ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ്മപുതുക്കലാണ് ഈ ദിനമെന്ന് ഇവര്‍ക്കിടയിലെ പഴമക്കാര്‍ അഭിപ്രായപ്പെടുന്നു. മുഖ്യധാരാഹൈന്ദവ വിഭാഗങ്ങളില്‍നിന്ന് വിഭിന്നമായി ബലിതര്‍പ്പണത്തിന് സ്ത്രീകള്‍ക്കാണ് ഇവര്‍ക്കിടയില്‍ മേല്‍കൈ. മരണപ്പെട്ട ആളുടെ മൂത്തമകള്‍ പുഴയില്‍ നിന്നോ തോട്ടില്‍ നിന്നോ മീന്‍കൂട അഥവാ മീന്‍ചാട ഉപയോഗിച്ച് പിടിച്ച മീനും പുരുഷന്മാര്‍ വേട്ടയാടി കൊണ്ടുവരുന്ന കാട്ടിറച്ചിയും ബലിതര്‍പ്പണത്തിന് ഉപയോഗിക്കുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്.
മത്സ്യബന്ധനത്തിന് ഇറങ്ങിയ സ്ത്രീക്ക് ഒരു മീന്‍പോലും കിട്ടിയില്ലെങ്കില്‍ പരേതന്‍ അസംതൃപ്തനാണെന്നാണ് ഇവരുടെ വിശ്വാസം. അനുഷ്ഠാന ചടങ്ങുകള്‍ക്ക് ശേഷം വിഭവസമൃദ്ധമായ സദ്യകഴിച്ചാണ് ഇവരുടെ ബന്ധുമിത്രാദികള്‍ പിരിയുന്നത്. കൃഷിയും കന്നുകാലി വളര്‍ത്തലും നായാട്ടുമായി കഴിഞ്ഞുകൂടിയ ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ പലകാലങ്ങളില്‍ ഉണ്ടായ അധിനിവേശങ്ങള്‍ ചെലുത്തിയ സ്വാധീനമാകാം ഈ ചടങ്ങിന് ആധാരം. ഗോത്രനാഗരികതയുടെ കളിത്തൊട്ടിലായിരുന്ന കബനീതടത്തില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന ആര്യ-അനാര്യ സങ്കലനത്തിന് തെളിവായും ഇതിനെ വിലയിരുത്താം.

കെ.ആര്‍. സതീശന്‍ നായര്‍

0Shares

Leave a Reply

Your email address will not be published.

Social profiles