വേനല്‍മഴയില്‍ മണ്ണ് തണുത്തു; കാട്ടിലും നാട്ടിലും ആശ്വാസം

കല്‍പറ്റ-വേനല്‍മഴയില്‍ മണ്ണ് തണുത്തതോടെ വയനാട്ടില്‍ കാട്ടിലും നാട്ടിലും ആശ്വാസം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വേനല്‍മഴ പെയ്തു. മണ്ണു നനയാന്‍ പാകത്തില്‍ നാലും അഞ്ചും മഴ ലഭിച്ചത് കാര്‍ഷിക മേഖലയെ ഉണര്‍ത്തി. തന്നാണ്ടു വിളകള്‍ക്കും കാപ്പിയും കുരുമുളകും തേയിലയും ഉള്‍പ്പെടെ ദീര്‍ഘകാല കൃഷികള്‍ക്കും ഗുണം ചെയ്യുന്നതായി വേനല്‍മഴ. വിളകളുടെ മെച്ചപ്പെട്ട ഉല്‍പാദനത്തിനു മഴ സഹായകമാകുമെന്നു കര്‍ഷകര്‍ കരുതുന്നു. ഇഞ്ചി, ഭക്ഷ്യവിളകളായ കപ്പ, കാച്ചില്‍, ചേമ്പ് തുടങ്ങിയ ഹ്രസ്വകാല വിളകളുടെ നടീലിനും മണ്ണ് പരുവമായി. പലേടത്തും ഇഞ്ചിയുടെയും ഭക്ഷ്യവിളകളുടെയും നടീല്‍ തുടങ്ങി. ദീര്‍ഘകാല വിളകളുടെ മെച്ചപ്പെട്ട ഉത്പാദനത്തിനു മഴ സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് കൃഷിക്കാര്‍. കൃഷിയിടങ്ങളില്‍ വളപ്രയോഗം നടത്തുന്ന തിരക്കിലാണ് കര്‍ഷകരെല്ലാംതന്നെ. ചിലയിനം രാസവളങ്ങളുടെ ക്ഷാമവും വിലക്കയറ്റവും അവരെ അലോസരപ്പെടുത്തുന്നുമുണ്ട്.
കാട്ടുതീ ഭീഷണി അകന്നതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ വനസേന. പൊള്ളുന്ന വേനല്‍ച്ചൂടില്‍ അടിക്കാട് ഉണങ്ങിക്കരിയുന്നതിനിടെയാണ് മഴയെത്തിയത്. അടിക്കാട് ഉണങ്ങിയ ഭാഗങ്ങളിലാണ് കാട്ടുതീ വേഗത്തില്‍ പടരുന്നത്. ഈ വര്‍ഷം വനത്തില്‍ അങ്ങിങ്ങ് മാത്രമാണ് കാട്ടുതീ വീണത്. വനസേന ജാഗ്രതയിലായതിനാല്‍ തീ വീണയുടന്‍ അണയ്ക്കാനുമായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏതാനും ഹെക്ടര്‍ അടിക്കാട് മാത്രമാണ് കാട്ടുതീയില്‍ നശിച്ചത്. വനത്തില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇളം പുല്ലിന്റെ ലഭ്യത ഉറപ്പുവരുത്താനും സഹായകമാകുന്നതാണ് വേല്‍മഴ. വരള്‍ച്ചയുടെ പിടിയിലമര്‍ന്ന കര്‍ണാടക, തമിഴ്‌നാട് വനങ്ങളില്‍നിന്നു ആനയടക്കം ധാരാളം വന്യജീവികള്‍ വയനാടന്‍ കാടുകളിലെത്തിയിരുന്നു. ഇവയടക്കം മൃഗങ്ങള്‍ ഭക്ഷണവും വെള്ളവും തേടി നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങുന്ന സാഹചര്യവും വേനല്‍മഴ ഒഴിവാക്കി. വനത്തില്‍ അരുവികളിലും തടയണകളിലും ഇപ്പോള്‍ ആവശ്യത്തിനു വെള്ളമുണ്ട്.

Leave a Reply

Your email address will not be published.

Social profiles