മൂന്നാം ദിവസത്തെ തെരച്ചിലും വിഫലം; കടുവയെ കാണാനായില്ല

പുല്‍പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്.

പുല്‍പള്ളി: ജനങ്ങളെ ആശങ്കയിലാക്കിയ കടുവയെ ഉള്‍ക്കാട്ടിലേക്കു തുരത്താനാകാതെ വനസേന. കടുവയെ കണ്ടെത്താനും തുരത്താനും വനസേനാംഗങ്ങള്‍ നടത്തുന്ന ശ്രമം ഇന്നലെയും ഫലവത്തായില്ല. രാവിലെ പത്തോടെയാണ് വനപാലകര്‍ തുടര്‍ച്ചയായ മൂന്നാം ദിവസത്തെ തെരച്ചലിനു ഇറങ്ങിയത്. നൂറോളം വനപാലകരാണ് മൂന്നു സംഘങ്ങളായി തിരിഞ്ഞു പോലീസിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെ വൈകുന്നേരം ആറുവരെ തെരച്ചില്‍ നടത്തിയത്. ഒരു സംഘത്തിനും കടുവയെ കാണാനായില്ല.
ജനവാസകേന്ദ്രത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ചിത്രം പതിഞ്ഞതോടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതാണ്. പിന്നീട് തെരച്ചലിനിടയിലും ഒരിക്കല്‍ കടുവയെ കണ്ടു. കടുവ കാട്ടിലേക്കു മടങ്ങിയിരിക്കാമെന്ന സംശയം വനപാലകരില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ കടുവ നിലവില്‍ ജനവാസകേന്ദ്രത്തില്‍ ഇല്ലെന്നു പറയാന്‍ അവര്‍ക്കാകുന്നില്ല.
ചേപ്പില, എരിയപ്പള്ളി പ്രദേശങ്ങളിലെ ഏതോ കൃഷിയിടത്തില്‍ കടുവ പതുങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ജനം. കടുവാഭീതി ക്ഷീര കര്‍ഷകരെയാണ് ഏറെ അലട്ടുന്നത്. ഏകദേശം നാലു വയസുള്ള കടുവയുടെ ചിത്രമാണ് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്. പ്രായം കുറഞ്ഞ കടുവയായതിനാല്‍ കുടുവച്ചും മയക്കുവെടി പ്രയോഗിച്ചും പിടികൂടാന്‍ കഴിയില്ലെന്ന നിലപാടിലാണ് വനം അധികൃതര്‍. കടുവപ്രശ്‌നം വനസേനയ്ക്കും തലവേദനയായി.
പഞ്ചായത്തിലെ കടുവാഭീതിയിലുള്ള പ്രദേശങ്ങള്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.വനം ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ജനങ്ങളുടെ ആശങ്ക വനം മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതായും കടുവയെ കൂടുവച്ച് പിടിക്കണമെന്നു ആവശ്യപ്പെട്ടതായും എം.എല്‍.എ പറഞ്ഞു.
അതിനിടെ, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കടുവാശല്യത്തിന് സത്വര പരിഹാരം ആവശ്യപ്പെട്ട് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ജനവാസകേന്ദ്രത്തില്‍ ദിവസങ്ങള്‍ മുമ്പു സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കടുവയെ ഉള്‍വനത്തിലേക്കു തുരത്താനോ കൂടുവെച്ച് പിടിക്കാനോ വനം വകുപ്പിനു കഴിയാത്ത സാഹചര്യത്തിലായിരുന്നു സമരം. രാവിലെ 11 ഓടെ പഞ്ചായത്ത് പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദീലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കടുവാശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നു അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.ഡി.കരുണാകരന്‍, രാജു തോണിക്കടവ്, അനില്‍ സി.കുമാര്‍, ബാബു കണ്ടത്തിന്‍കര, ജോഷി ചാരുവേലില്‍, ജോമറ്റ് കോതവഴിക്കല്‍, പൊതുപ്രവര്‍ത്തകരായ അനില്‍മോന്‍, മാത്യു മത്തായി ആതിര, വിജയന്‍ കുടിലില്‍, സണ്ണി തോമസ്, മനോജ് ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles