കല്‍പറ്റ വുഡ്‌ലാന്‍ഡ് എസ്ചീറ്റ് ഭൂമിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ സര്‍വേ

കല്‍പറ്റ-വയനാട്ടില്‍ കൈവശ ഭൂമിക്കു പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി 18 ഇടങ്ങളില്‍ റവന്യൂ-വനം സംയുക്ത സര്‍വേ പൂര്‍ത്തിയായി. മാനന്തവാടി താലൂക്കിലെ കരിമ്പില്‍, അമ്പുകുത്തി, വൈത്തിരി താലൂക്കിലെ നീലിമല. കടച്ചിക്കുന്ന്, ക്ലബ്മട്ടം, ജയ്ഹിന്ദ് കോളനി, കുന്നമംഗലംവയല്‍, എരുമക്കൊല്ലി, പഞ്ചമിക്കുന്ന്, ഏലവയല്‍ മമ്മിക്കുന്ന് കോളനി, പച്ചക്കാട്, കുപ്പച്ചി കോളനി, കശ്മീര്‍, പുത്തുമല, അട്ടമല, താഞ്ഞിലോട് എന്നിവിടങ്ങളിലായി 1,186 പേരുടെ കൈവശഭൂമിയിലാണ് സംയുക്ത സര്‍വേ നടന്നത്. ജിയോ റഫറന്‍സിംഗ്(ഭൂമിയുടെ അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തല്‍) നടത്തി 18 ഇടങ്ങളിലെയും ഭൂമിയുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ ഏപ്രില്‍ 30നകം അപ്‌ലോഡ് ചെയ്യം. ഇക്കാര്യത്തില്‍ മന്ത്രി കെ.രാജന്‍, വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായതായി എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സി.കെ.ശശീന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ, എന്‍.സി.പി സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമന്‍, ജില്ലാ പ്രസിഡന്റ് സജി ചെറിയാന്‍, കേരള കോണ്‍ഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് കെ.വീരേന്ദ്രകുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി.കുര്യാക്കോസ്, ജനതാദള്‍-എസ് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍മട, കേരള കോണ്‍ഗ്രസ്(സ്‌കറിയ തോമസ്) ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു എന്നിവര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്കു കൈശക്കാര്‍ക്കു പട്ടയം നല്‍കും. സംയുക്ത സര്‍വേയില്‍ ഉള്‍പ്പെടാതെപോയ, 1977നു മുമ്പ് ഭൂമി കൈവശം വെക്കുന്നവര്‍ക്കു അപ്പീലിനു അവസരം നല്‍കണമെന്നു സര്‍വകക്ഷി യോഗത്തില്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍വകക്ഷി യോഗം.
നൂറ് ഏക്കറോളം വരുന്ന കല്‍പറ്റ വുഡ്‌ലാന്‍ഡ് എസ്ചീറ്റ് ഭൂമിയിയിലെ താമസക്കാര്‍ക്കു പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍വേ ഏപ്രില്‍ ഒന്നിനു തുടങ്ങും. ഇതിനായി നിയോഗിച്ച പ്രത്യേക സംഘം ജില്ലയിലെത്തിയതായി എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
പടിഞ്ഞാറത്തറ വില്ലേജിലെ കാപ്പിക്കളം, കുന്നത്തിടവക വില്ലേജിലെ അറമല, മണ്ടമല, ചുണ്ടേല്‍ വില്ലേജിലെ ബ്ലോക്ക് 24, മുട്ടില്‍ സൗത്ത് വില്ലേജിലെ പൊതുമരാമത്ത് പുറമ്പോക്ക്, മുട്ടില്‍ നോര്‍ത്ത് വില്ലേജിലെ 50-ാംമൈല്‍ കോളനി, കല്‍പറ്റ വില്ലേജിലെ പൂളക്കുന്ന്, എച്ച്.എം.എല്‍, പോഡാര്‍ എസ്‌റ്റേറ്റുകള്‍, മൂപ്പൈനാട് വില്ലേജിലെ ഗോള്‍ഫ് ക്ലബ് എസ്ചീറ്റ് ഭൂമി എന്നിവിടങ്ങളിലെ കൈവശ കുടുംബങ്ങളുടെ ഭൂപ്രശ്‌നം സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തു. എച്ച്.എം.എല്‍, പോഡാര്‍ എസ്‌റ്റേറ്റുകളിലെ കൈവശക്കാര്‍ക്കു 2015 വരെ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. രണ്ടു തോട്ടങ്ങളിലുമായി മൂപ്പൈനാട്, കോട്ടപ്പടി വില്ലേജ് പരിധിയില്‍ 176 കൈവശ കുടുംബങ്ങള്‍ക്കു ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടുകളുടെ പ്രവൃത്തി തുടങ്ങാനായില്ലെന്നു യോഗത്തില്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
മാനന്തവാടി താലൂക്കിലെ പേരിയ, തലപ്പുഴ, കാഞ്ഞിരങ്ങാട്, മാനന്തവാടി, പാരിസണ്‍ എസ്റ്റേറ്റ്, ആകൊല്ലിക്കുന്ന്, അരണപ്പാറ, നരിക്കല്‍, വെള്ളറ, എന്നിവിടങ്ങളിലെ കൈവശ കര്‍ഷകരുടെ പട്ടയപ്രശ്‌നം, തിരുനെല്ലി, തൃശിലേരി വില്ലേജുകളില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു വീടു വെക്കാനുള്ള അനുവാദം എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
ബത്തേരി താലൂക്കിലെ ഫെയര്‍ലാന്‍ഡ് കോളനിയില്‍ 51 പേര്‍ക്കു പട്ടയം ലഭിച്ചു. ബാക്കി 146 കുടുംബങ്ങള്‍ക്കും ബീനാച്ചിക്കടുത്ത് ചൂരിമലയില്‍ 65 ഏക്കറില്‍ പതിറ്റാണ്ടുകളായി ഭൂമി കൈവശം 156 കുടുംബങ്ങള്‍ക്കു പട്ടയം നല്‍കുന്നതിനു നടപടി ത്വരിതപ്പെടുത്തണമെന്നു എല്‍.ഡി.എഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചീങ്ങേരി ട്രൈബല്‍ സെറ്റില്‍മെന്റ്ിനു പുറത്തു താമസിക്കുന്നവരുടെ ഭൂപ്രശ്‌നം, ഇരുളം മിച്ചഭൂമി പ്രശ്‌നം, നൂല്‍പ്പുഴ, നെന്‍മേനി, പുല്‍പള്ളി വില്ലേജുകളില്‍ ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകരുടെ ഭൂപ്രശ്‌നം എന്നിവയും യോഗത്തില്‍ ചര്‍ച്ചായായി. വയനാട് കോളനൈസേഷന്‍ സ്‌കീം പട്ടയഭൂമിയില്‍ കെട്ടിട നിര്‍മാണത്തിനു അടുത്തകാലത്തു ഏര്‍പ്പടുത്തിയ വിലക്ക് അടിയന്തരമായി നീക്കണമെന്ന ആവശ്യവും സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നു. ജില്ലയിലെ ഭൂ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കുന്നതിനു ജൂണില്‍ വയനാട്ടില്‍ റിവ്യൂ മീറ്റിംഗം ചേരുമെന്ന് റവന്യൂ മന്ത്രി യോഗത്തില്‍ അറിയിച്ചു. ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles