മലയോര ഹൈവേ: മാനന്തവാടി നിയോജകമണ്ഡലത്തിലെ
പ്രവൃത്തി ഈ മാസം തുടങ്ങും

മാനന്തവാടി: മലയോര ഹൈവേ പ്രവൃത്തികള്‍ നിയോജകണ്ഡലത്തില്‍ ഈ മാസം തുടങ്ങും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഒ.ആര്‍.കേളു എം.എല്‍.എ അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്തത്.
നിയോജകമണ്ഡലത്തില്‍ മാനന്തവാടി നഗരസഭയിലൂടെയും തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, പനമരം പഞ്ചായത്തിലൂടെയുമാണ് ഹൈവേ കടന്നുപോകുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിച്ച് കണ്ണൂര്‍ കടന്ന് ബോയ്സ് ടൗണിലെത്തുന്നതോടെയാണ് ഹൈവേ മാനന്തവാടി മണ്ഡലത്തില്‍ ആരംഭിക്കുന്നത്.
വടക്കേ വയനാടിനെയും തെക്കേ വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാത എന്ന നിലയില്‍ മലയോര ഹൈവേയ്ക്കു വലിയ പ്രാധാന്യമുണ്ട്.
ബോയ്സ്ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ 13 കിലോമീറ്ററും ഗാന്ധി പാര്‍ക്ക് മുതല്‍ പച്ചിലക്കാട് വരെ 19.5 കിലോമീറ്ററും വാളാട് മുതല്‍ കുങ്കിച്ചിറ വരെ 10 കിലോമീറ്ററും ഹൈവേയാണ് നിര്‍മിക്കുന്നത്. പദ്ധതിക്ക് കിഫ്ബിയില്‍നിന്നു 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles