പട്ടയം: ഗൂഡലായ്ക്കുന്നില്‍ സര്‍വേ തുടങ്ങി

കല്‍പറ്റ ഗൂഡലായ്ക്കുന്നില്‍ ഭൂ സര്‍വേ നടക്കുന്ന പ്രദേശം ടി.സിദ്ദീഖ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ഗീത എന്നിവര്‍ സന്ദര്‍ശിക്കുന്നു.

കല്‍പറ്റ-നഗരസഭയിലെ ഗൂഡലായ്ക്കുന്നിലുള്ള 264 കൈവശ കുടുംബങ്ങളുടെ പട്ടയപ്രശ്‌നത്തിനു വൈകാതെ പരിഹാരമാകും. പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രത്യേക സംഘം സര്‍വേ തുടങ്ങി.
1971ല്‍ കല്‍പറ്റ വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 519ല്‍പെട്ട 745.93 ഏക്കര്‍ എസ്ചീറ്റ് ഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ എറ്റെടുത്തിരുന്നു. ജോണ്‍ ഫ്‌ളെച്ചര്‍ എന്ന വിദേശിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭൂമിയാണ് 1964ലെ എസ്ചീറ്റ് നിയമപ്രകാരം ഏറ്റെടുത്തത്.
ഇതില്‍പ്പെട്ടതാണ് കൈവശക്കാരുടെ പക്കലുള്ള സ്ഥലം. എസ്ചീറ്റായി പ്രഖ്യാപിച്ചതില്‍ 324.95 ഏക്കറില്‍ കുടിയായ്മ ഉള്ളതായി 1976 ജൂലൈ 16നു കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവായിരുന്നു. 258.91 ഏക്കര്‍ നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തു.ഏഴ് ഏക്കര്‍ പാറയും 8.48 ഏക്കര്‍ റോഡും നടവഴിയുമാണ്. ഏറ്റെടുത്തതില്‍ മേല്‍പറഞ്ഞ 599.34 ഏക്കര്‍ കഴിച്ചുള്ള 146.59 ഏക്കറിലാണ് കൈവശക്കാരുള്ളത്. ഇതില്‍ ചിലരുടെ ഭൂമി എസ്ചീറ്റ് നിയമം നിലവില്‍ വരുന്നതിനു മുമ്പു പൂര്‍വികരുടെ കൈവശം ഉണ്ടായിരുന്നതാണ്.
എസ്ചീറ്റ് ഭൂമിയെന്നു അറിയാതെ മുന്‍ കൈവശക്കാരില്‍നിന്നു സ്ഥലം വിലയ്ക്കുവാങ്ങിയവരും പട്ടയം കാത്തിരിക്കുന്നവരുടെ പട്ടികയിലുണ്ട്. മറ്റു വീടോ സ്ഥലമോ ഇല്ലാത്തവരാണ് കൈവശക്കാരില്‍ അധികവും. ഇവര്‍ക്കു പട്ടയം ലഭ്യമാക്കുന്നതിനു സി.പി.എം നേതാവ് സി.കെ.ശശീന്ദ്രന്‍ നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്നപ്പോള്‍ നീക്കം നടന്നിരുന്നു. നിലവിലെ എം.എല്‍.എ ടി.സിദ്ദീഖും ഗൂഡലായ്ക്കുന്ന് പട്ടയപ്രശ്‌നത്തില്‍ സജീമായി ഇടപെടുന്നുണ്ട്. വിഷയം അദ്ദേഹം നിയമസഭയിലും റവന്യൂ മന്ത്രിക്കു മുമ്പിലും അവതരിപ്പിച്ചിരുന്നു. ഗൂഡലായ്ക്കുന്നിലെ ഭൂമി വിഷയം ‘ആക്ഷേപം ഇല്ലാത്ത കൈയേറ്റം’ എന്ന ഗണത്തില്‍പെടുത്തി ഭൂപതിവ് ചട്ടപ്രകാരം നടപടി സ്വീകരിക്കാമെന്നു ജില്ലാ കലക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കു നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഭൂമിയെ സംബന്ധിച്ച ചില അവ്യക്തതകള്‍ കൈവശക്കാര്‍ക്കു പട്ടയം ലഭിക്കുന്നതിനു തടസ്സമായി. ഗൂഡലായ്ക്കുന്നില്‍ ഏറ്റെടുത്തതില്‍ 340.46 ഏക്കര്‍ എസ്ചീറ്റ് പരിധിയില്‍നിന്നു ഒഴിവാക്കിയും ഹരജിക്കാര്‍ക്കു കുടിയായ്മ അനുവദിച്ചും 2003 മാര്‍ച്ച് 31നു ബത്തേരി സബ് കോടതി ഉത്തരവായിരുന്നു. എസ്ചീറ്റില്‍നിന്നു കോടതി ഒഴിവാക്കിയ ഭൂമിയുടെ ഭാഗം കൈവശക്കാരുടെ പക്കലുണ്ടോയെന്നു സര്‍വേ കഴിയുന്നതോടെ വ്യക്തമാകും. ഗൂഡലായ്ക്കുന്നിലെ കൈവശക്കാരില്‍നിന്നു 2018നുശേഷം കൈമാറ്റം ചെയ്ത ഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ല. ഭൂമി പോക്കുവരവു ചെയ്യാനും അധികാരികള്‍ തയാറാകുന്നില്ല. സര്‍വേ നടക്കുന്ന പ്രദേശങ്ങള്‍ ടി.സിദ്ദീഖ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ഗീത എന്നിവര്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published.

Social profiles