ബര്‍മിംഗ്ഹാമിലും വയനാടന്‍ സ്പര്‍ശം

-ബര്‍മിംഗ്ഹാമിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഷാജി(ഇടത്).

കല്‍പറ്റ: കോമണ്‍ വെല്‍ത്ത് ഗെയിംസ് ലഹരി നുരയുന്ന ബര്‍മിംഗ്ഹാമിലും വയനാടന്‍ സ്പര്‍ശം. ഗെയിംസ് നഗരിയിലെ ബാസ്‌കറ്റ്‌ബോള്‍ കളിക്കളത്തിലെ ഫീല്‍ഡ് വോളണ്ടിയര്‍മാര്‍ക്കിടിയിലാണ് വയനാടന്‍ സാന്നിധ്യം. പുല്‍പള്ളി കബനിഗിരി പൂഴിപ്പുറത്ത് ഷാജിയാണ് ഫീല്‍ഡ് വോളണ്ടിയറായി സേവനം ചെയ്യുന്നത്. ഗെയിംസില്‍ ഫീല്‍ഡ് വോളണ്ടിയറാകാന്‍ അപേക്ഷിച്ച യുകെ മലയാളിയായ ഷാജി ബാസ്‌കറ്റ്‌ബോള്‍ കളത്തില്‍ സേവനത്തിനു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. നാട്ടില്‍ പയറ്റിത്തെളിഞ്ഞ ബാസ്‌കറ്റ്‌ബോള്‍ താരമാണ് ഷാജി. സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമായിരുന്ന ഇദ്ദേഹം കേരള പോലീസിനുവേണ്ടിയും കളിച്ചിട്ടുണ്ട്.
1986-89ല്‍ തൃശൂര്‍ കേരള വര്‍മ കോളജില്‍ പഠിക്കുമ്പോള്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബോള്‍ ടീം അംഗമായിരുന്ന ഷാജി 1989ല്‍ ജൂണിയര്‍ നാഷണലില്‍ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. കളിമികവാണ് 1990ല്‍ ഷാജിയെ പോലീസില്‍ എത്തിച്ചത്. പത്തുവര്‍ഷം പോലീസിനുവേണ്ടി കളിച്ച ഷാജി ഫെഡറേഷന്‍ കപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2006 മുതല്‍ യുകെയിലാണ്.
കബനിഗിരി പൂഴിപ്പുറത്ത് പരേതരായ വര്‍ക്കി-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് 53കാരനായ ഷാജി. കോഴിക്കോട് കുറ്റ്യാടി ചെമ്പനോട സ്വദേശിനിയും ബര്‍മിംഗ്ഹാം ചെസ്റ്റ് ക്ലിനിക്കില്‍ നഴ്‌സുമായ ജസിയാണ് ഭാര്യ. വയനാട് എടപ്പെട്ടി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരി ഫാ.തോമസ് ജോസഫ് തേരകത്തിന്റെ ഇളയ സഹോദരിയാണ് ജസി. നഴ്‌സിംഗ് വിദ്യാര്‍ഥികളായ എയ്ഞ്ചലീന്‍, ലെസ്‌ലീന്‍ എന്നീ മക്കളും അടങ്ങുന്നതാണ് ഷാജിയുടെ കുടുംബം. ബര്‍മിംഗ്ഹാമില്‍ ഗെയിംസ് ട്രയല്‍സിലും ലൈവ് ട്രീം പരീക്ഷണത്തിലും പ്രധാന കോര്‍ട്ടില്‍ റിഹേഴ്‌സലിലും ഷാജി പങ്കെടുത്തിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles