രൂപേഷിനെതിരേ സുപ്രീം കോടതിയെ സമീപിച്ചതിനെ അപലപിച്ചു

കല്‍പറ്റ-ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും 124 എ അനുസരിച്ചും കുറ്റം ചുമത്തപ്പെട്ട മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വെറുതെവിട്ട കേരള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ സി.പി.ഐ-എം.എല്‍(റെഡ്സ്റ്റാര്‍) ജനറല്‍ സെക്രട്ടറി കെ.എന്‍.രാമചന്ദ്രന്‍ അപലപിച്ചു.
വയനാട്ടില്‍ ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണത്തടവുകാരനായി തുടരുന്ന രൂപേഷിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ യു.എ.പി.എയ്ക്കുവേണ്ടി സുപ്രീം കോടതിയെ സമീപിച്ചതിലൂടെ പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അനുകൂല സമീപനമാണ് പ്രകടമാകുന്നത്. സി.പി.എം കേന്ദ്രനേതൃത്വം യു.എ.പി.എയോട് ശക്തമായ വിയോജിക്കുന്ന സാഹചര്യത്തിലാണ് കരിനിയമത്തെ പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ലഘുലേഖകള്‍ വിതരണം ചെയ്തതിന് 20കാരനായ അലന്‍ ഷുഹൈബ്, 24കാരനായ താഹ ഫസല്‍ എന്നിവര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയിരുന്നു. മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം സുപ്രീം കോടതിയാണ് ഇവരെ മോചിപ്പിച്ചത്. യു.എ.പി.എ കേസുകളില്‍ ഹൈക്കോടതികള്‍ ഉള്‍പ്പെടെ കീഴ്തല കോടതികള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപൂര്‍വമാണ്.
എല്ലാ അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും എതിരായ യു.എ.പി.എ ബി.ജെ.പി ഭരണത്തില്‍ ഏറ്റവും മാരകവും ഭീകരവുമായ ആയുധമായി മാറി. രാഷ്ട്രീയ എതിരാളികള്‍ക്കും ഭിന്നാഭിപ്രായക്കാര്‍ക്കും എതിരേ യഥേഷ്ടം ഉപയോഗിക്കുന്ന ഫാസിസ്റ്റ് ആയുധമാണിത്. ‘ഇടത്’ എന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ കരിനിയമം പതിവായി ഉപയോഗിക്കുന്നതു ലജ്ജാകരമാണെന്നും രാമചന്ദ്രന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles