കനിവ് കാത്ത് രക്താര്‍ബുദം ബാധിച്ച യുവാവ്

മീനങ്ങാടി: സ്വന്തം രോഗത്തിനൊപ്പം അമ്മയും കുഞ്ഞും രോഗശയ്യയിലായതോടെ ദുരിതച്ചുഴിയില്‍ വലയുകയാണ് രക്താര്‍ബുദം ബാധിച്ച യുവാവ്. കോവിഡ് ബാധിച്ച് പിതാവ് മരിച്ചു. മൂന്നു മാസം പ്രായമായ കുഞ്ഞിനാവട്ടെ ജന്മനാ ഹൃദയ വാല്‍വിന് തകരാറും. മാതാവും രോഗി. ഭാര്യ, കുട്ടി, അമ്മ എന്നിവരുള്‍പ്പെട്ട കുടുംബത്തിന് തണലേകേണ്ട സുനിലിനാകട്ടെ ബ്ലഡ് ക്യാന്‍സറും. പരീക്ഷണച്ചുഴിയിലാണ് മീനങ്ങാടി കൃഷ്ണഗിരി മേപ്പേരിക്കുന്നില്‍ താമസിക്കുന്ന കരാപ്പിള്ളില്‍ സുനില്‍ (31). കൃഷ്ണഗിരിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ശശി ഫെബ്രുവരി 22നാണ് കോവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് സുനിലും അസുഖ ബാധിതനായത്. തുടര്‍ ചികില്‍സയിലാണ് ബ്ലഡ് ക്യാന്‍സറാണ് സുനിലിനെ ബാധിച്ചതെന്ന് അറിയുന്നത്. അയല്‍വാസികളും കുട്ടുകാരും ഉള്‍പ്പെടുന്ന സുമനസ്സുകളുടെ സഹായത്താല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണിപ്പോള്‍ ചികില്‍സ നടക്കുന്നത്. തുടര്‍ ചികില്‍സക്ക് ഭീമമായ തുക വേണം. ഈ അവസ്ഥ കണ്ടറിഞ്ഞാണ് നാട്ടുകാര്‍ മുന്‍കൈ എടുത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍, വാര്‍ഡ് മെമ്പര്‍ ഉഷ രാജേന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ്.ബി.ഐ. മീനങ്ങാടി ശാഖയില്‍ 41153707644 നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി. കോഡ്: എസ്ബിഐഎന്‍ 0070725.

0Shares

Leave a Reply

Your email address will not be published.

Social profiles