പനിയില്‍ വിറച്ച് നാട്; ക്യൂവിലായി രോഗികള്‍

മാനന്തവാടി: ജില്ലയില്‍ പകര്‍ച്ചപ്പനി ക്രമാതീതമായി വര്‍ധിക്കുമ്പോഴും ഗവ. ആശുപത്രികളിലടക്കം മതിയായ ചികിത്സാ സൗകര്യമില്ലാത്തത് ദുരിതമാവുന്നു. കുട്ടികളിലാണ് പനി കൂടുതലായും കണ്ടുവരുന്നത്. പലര്‍ക്കും ഒന്നിലധികം തവണ പനിവരുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും തക്കാളിപ്പനി, ചിക്കന്‍ പോക്‌സ് തുടങ്ങിയ ബാധിച്ച് സ്‌കൂളുകളിലടക്കം കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതേസമയം വയനാട് മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ ഒ.പി.യില്‍ ഇന്നലെ ആകെയുണ്ടായിരുന്നത് ഒരു ഡോക്ടര്‍ മാത്രം. ഇതോടെ ഒ.പി വാര്‍ഡിന് മുന്‍പില്‍ നീണ്ട നിര തന്നെ രൂപപ്പെട്ടു. ഡോക്ടര്‍മാരില്‍ ഒരാള്‍ മറ്റ് ഡ്യൂട്ടിയിലായതിനാലാണ് രോഗികള്‍ ദുരിതത്തിലായത്.
നിലവില്‍ മെഡിക്കല്‍ കോളജില്‍ മൂന്ന് പീഡിയാട്രിക്സ്റ്റും മെഡിക്കല്‍ കോളേജ് വിഭാഗത്തില്‍ ഒരു ഡോക്ടറും ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരാണ് കുട്ടികളുടെ ചികിത്സക്കായുള്ളത്. ഇതില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നീണ്ട അവധിയിലാണ്. ജില്ലാ ആശുപത്രി വിഭാഗത്തിലെ മൂന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ കലക്ട്രേറ്റില്‍ മീറ്റിങ്ങിനും മറ്റൊരാള്‍ വാര്‍ഡില്‍ പരിശോധനയിലുമായതിനാല്‍ ഒ.പി.യില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. പൊതുവെ പനി സീസണായതിനാല്‍ കുട്ടികളുടെ ഒ.പി.യില്‍ മാത്രമല്ല മറ്റ് ഒ.പി.കളിലും വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. നാടാകെ പനിച്ചുവിറക്കുമ്പോള്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന്് ആശുപത്രിയിലെത്തുന്നവര്‍ ആവശ്യപ്പെടന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles