സ്വകാര്യ ഗോഡൗണ്‍ ഏറ്റെടുത്തതിനെച്ചൊല്ലി വിവാദം

കല്‍പറ്റ: ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനു സപ്ലൈകോയ്ക്കുവേണ്ടി സ്വകാര്യ ഗോഡൗണ്‍ ഏറ്റെടുത്തതിനെച്ചൊല്ലി വിവാദം. അശാസ്ത്രീയമായി നിര്‍മിച്ച സ്വകാര്യ ഗോഡൗണുകള്‍ ഏറ്റെടുക്കരുതെന്നു നാഷണല്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. ഇതു മറികടന്നാണ് കല്‍പ്പറ്റയില്‍ ഗോഡൗണ്‍ ഏറ്റെടുത്തതെന്നു ആക്ഷേപം ഉയര്‍ന്നതാണ് വിവാദത്തിനു ആധാരം.
അരി ഉള്‍പ്പടെ ഭക്ഷ്യവസ്തുകള്‍ ശാസ്ത്രീയമായി സംഭരിക്കേണ്ട ഇടമാണ് ഗോഡൗണ്‍. എന്നാല്‍ ബൈപാസിലെ ഗോഡൗണ്‍ നിര്‍മിച്ചതു ചതുപ്പിലാണെന്നു പൊതുപ്രവര്‍ത്തകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വൈത്തിരി താലൂക്ക് സപ്ലൈകോ ഡിപ്പോയ്ക്കുവേണ്ടിയാണ് സ്വകാര്യ ഗോഡൗണ്‍ സര്‍ക്കാര്‍ പാട്ടത്തിനെടുത്തത്. ഈ ഗോഡൗണ്‍ ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിനു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ അധികാരികള്‍ക്കു കത്തു നല്‍കിയിരുന്നു. ഇതവഗണിച്ചാണ് സ്വകാര്യ ഗോഡൗണ്‍ ഏറ്റെടുത്തത്.
ഗോഡൗണ്‍ വിഷയത്തില്‍ സംസ്ഥാന ഭക്ഷ്യഭദ്രത കമ്മീഷന്‍ അംഗം വിജയലക്ഷ്മി മാളിക ഇടപെട്ടിട്ടുണ്ട്. മതിയായ ഗതാഗതസൗകര്യംപോലും ഇല്ലാത്ത സ്ഥലത്തു നിര്‍മിച്ച ഗോഡൗണ്‍ ഏറ്റെടുത്തതിനു പിന്നില്‍ ഉന്നതതല ഉദ്യോഗസ്ഥ-കാരാര്‍ കൂട്ടുകെട്ടാണെന്നു അവര്‍ ആരോപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗോഡൗണ്‍ ഏറ്റെടുത്തത്. വിഷയം ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഗോഡൗണ്‍ സന്ദര്‍ശിച്ച അവര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles