കാലാവസ്ഥ വ്യതിയാനം: ബോധവത്കരണത്തിന്റെ പ്രഥമഘട്ടം കാട്ടാനകള്‍ താറുമാറാക്കി

പുല്‍പള്ളിക്കടുത്തു പാക്കത്ത് കാട്ടാനകള്‍ നശിപ്പിച്ച ഞാറ്റടി.

കല്‍പറ്റ: കാലാവസ്ഥ വ്യതിയാനത്തിനു പരമ്പരാഗത കൃഷിയിലൂടെ പ്രതിരോധം എന്ന സന്ദേശവുമായി ബോധവത്കരണത്തിനിറങ്ങിയ യുവ സംഘത്തിനു തുടക്കത്തിലേ തിക്താനുഭവം. ബോധവത്കരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളിക്കടുത്ത് പാക്കത്ത് മൂന്നു ഏക്കര്‍ പാടത്ത് പരമ്പരാഗത ശൈലിയില്‍ നെല്‍ക്കൃഷി നടത്തുന്നതിനു യുവസംഘം തയാറാക്കിയ ഞാറ്റടി കാട്ടാനകള്‍ താറുമാറാക്കി. പറിച്ചുനാട്ടാറായ ഞാറാണ് ആനകള്‍ അപ്പാടെ നശിപ്പിച്ചത്. പൂട്ടിയൊരുക്കിയ പാടത്ത് നടുന്നതിനു ഞാര്‍ അന്വേഷിച്ചു നടക്കുകയാണ് ഇപ്പോള്‍ യുവ സംഘം.
യുവാക്കളും യുവതികളും ഉള്‍പ്പെടുന്ന ക്ലൈമറ്റ് ആക്ടിവിസ്റ്റുകളാണ് പാക്കം ട്രൈബല്‍ വില്ലേജില്‍ കൃഷിയിറക്കാന്‍ പാടം ഒരുക്കിയത്. മൂന്നേക്കറില്‍ നടുന്നതിനു പരമ്പരാഗത കര്‍ഷകന്‍ ചെറുവയല്‍ രാമനില്‍നിന്നു വാങ്ങിയ വയനാടിന്റെ തനതു നെല്ലിനങ്ങളായ കാട്ടുതൊണ്ടി, ചെന്നെല്ല്, വലിച്ചൂരി എന്നിവയുടെ വിത്താണ് പാകിയത്. യുവസംഘാംഗങ്ങളാണ് തദ്ദേശവാസികളായ കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ വിത്തെറിഞ്ഞതും പാടം ഒരുക്കിയതും. നാട്ടിപ്പണി കേമമായി നടത്താനിരിക്കെയാണ് കാട്ടാനകള്‍ ഞാറ്റടിയില്‍ മേഞ്ഞത്. കൃഷി നടത്തുന്നതിനു നൂല്‍പ്പുഴ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ നാടന്‍ നെല്ലിനങ്ങളുടെ ഞാറ് അന്വേഷിച്ചുവരികയാണെന്നു ക്ലൈമറ്റ് ആക്ടിവിസ്റ്റുകളായ കിളി പോര്‍ളോം, ഐശ്വര്യ രാംജിത്ത് എന്നിവര്‍ പറഞ്ഞു. ഞാറ്റടി നശിപ്പിച്ചെങ്കിലും ആനകളോടു കോപമില്ലെന്നും കൃഷി തുടര്‍ന്നും നടത്തി പ്രദേശവാസികളെ ബോധവത്കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ക്ലൈമറ്റ് ആക്ടിവിസ്റ്റുകളായ കിളിയും ഐശ്വര്യയും


ഭാവിയില്‍ അതിരൂക്ഷമായ ഭക്ഷ്യ-ജല ക്ഷാമത്തിനു ഇടയാക്കുന്നതാണ് കാലാവസ്ഥ വ്യതിയാനം. ഇതേക്കുറിച്ചു ഗ്രാമീണ മേഖലയിലുള്ളവരില്‍ പലര്‍ക്കും ബോധ്യമില്ല. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ ഉതകുന്ന വിധത്തില്‍ കൃഷിരീതികള്‍ ചിട്ടപ്പെടുത്തണം. ഇക്കാര്യത്തില്‍ ബോധവത്കരണത്തിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കിളിയും ഐശ്വര്യയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles