മഴയും കാട്ടാനയും: കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രം

കല്‍പറ്റ: കാട്ടാനക്കൂട്ടങ്ങള്‍ക്ക് പിന്നാലെ മഴയും ശക്തായതോടെ കടം വാങ്ങിയും വസ്തുവകകള്‍ പണയപ്പെടുത്തിയും കൃഷിയിറക്കിയ വയനാടന്‍ കര്‍ഷകര്‍ക്ക് ദുരിതങ്ങളുടെ നഷ്ടക്കണക്ക് മാത്രം ബാക്കിയാവുന്നു. വയലുകളില്‍ വിളവിറക്കിയ നെല്ലും വാഴയും മഴയില്‍ നശിക്കുന്നതിനൊപ്പം കരയിലെ വിളകള്‍ കൂട്ടമായെത്തുന്ന കാട്ടാനകളും തകര്‍ക്കുകയാണ്. മാനന്തവാടി നഗരസഭ പരിധിയിലെ മുട്ടങ്കര കാടന്‍ക്കൊല്ലി പ്രദേശത്ത് കാട്ടാനകളുടെ വിളയാട്ടം തുടങ്ങിയിട്ട് ഒരുമാസക്കാലമായി. കൂട്ടമായെത്തുന്ന കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തി വെക്കുന്നത്. കുരുമുളക്, കാപ്പി, വാഴ, തീറ്റപുല്ല്, ഇഞ്ചി, ചേന, ചേമ്പ്, തെങ്ങ്, കവുങ്ങ്, കശുമാവ്, കപ്പ തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. സന്ധ്യമയങ്ങുന്നതോടെ എത്തുന്ന കാട്ടാനകൂട്ടം പ്രദേശത്താകെ ഭീതി വിതക്കുകയാണ്. ജില്ലയിലെ വനത്തോട് ചേര്‍ന്ന് കഴിയുന്ന ജനവാസകേന്ദ്രങ്ങളെല്ലാം ആനപ്പേടിയിലാണ് കഴിയുന്നത്. വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യര്‍ക്ക് നേരയും ആക്രമണം ഉണ്ടായേക്കുമെന്ന ആധിയിലാണ് ഇവിടെ ജനങ്ങള്‍ ദിവസങ്ങള്‍ കഴിക്കുന്നത്.
ഇതിന് പിന്നാലെയാണ് കനത്ത മഴ കര്‍ഷകരുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കുന്നത്. ഹെക്ടര്‍ കണക്കിന് കുല പൊട്ടിയ നേന്ത്രവാഴകളാണ് മഴയില്‍ വെള്ളം കയറി നശിക്കുന്നത്. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഓഗസ്റ്റ് ആദ്യവാരം വരെ വയനാട്ടില്‍ 295.71 ഹെക്ടറില്‍ കൃഷി നാശമുണ്ടായതായാണ് കണക്ക്. 216 പേര്‍ക്കായി 35,84,05,000 രൂപയുടെ വിളനാശം ജില്ലയില്‍ ഉണ്ടായെന്നു കൃഷി വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ പനമരം, കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളില്‍ വ്യാപകമായി വെള്ളംകയറി കാര്‍ഷിക വിളകള്‍ നശിക്കുന്നുമുണ്ട്. കാട്ടാനകളും കാലാവസ്ഥാ വ്യതിയാനവും ജില്ലയിലെ കര്‍ഷകരുടെ നടുവൊടിക്കുമ്പോള്‍ അടിയന്തിര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമന്ന ആവശ്യം ശക്തമാവുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles