പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം: ഡി.എം.ഒ

കല്‍പറ്റ: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ സക്കീന അഭ്യര്‍ത്ഥിച്ചു. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനികള്‍ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങള്‍. കോവിഡില്‍ നിന്നും നാം പൂര്‍ണമുക്തരല്ല. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാനും സാധിക്കും. ക്യാമ്പുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles