ബസ് നിര്‍ത്തിയില്ല, സ്കൂളിലെത്താന്‍ ഗുഡ്സ് ഓട്ടോ വിളിച്ച് വിദ്യാര്‍ത്ഥികള്‍; നടപടിയുമായി ആര്‍ടിഒ

തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിച്ച ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ നെയ്യാറ്റിന്‍കര ജോയന്‍റ് ആര്‍ടിഒയുടെ നടപടി. വാഹനം കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവർക്കെതിരെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ബാലരാമപുരം വഴിമുക്ക് ജംങ്ഷനില്‍ വെച്ചാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി വിദ്യാര്‍ത്ഥികള്‍ ബസ് കാത്തു നിന്നെങ്കിലും വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് സമയത്തിന് സ്കൂളിലെത്താനായി വിദ്യാര്‍ത്ഥികള്‍ അതുവഴി പോയ ഗുഡ്സ് ഓട്ടോ റിക്ഷ കൈ കാണിച്ച് നിര്‍ത്തുകയും അതില്‍ കയറി സ്കൂളിലേക്ക് പോവുകയുമായിരുന്നു. ഈ ഗുഡ്സ് ഓട്ടോയുടെ ഡ്രൈവര്‍ക്കെതിരെയാണ് ജോയന്‍റ്  ആര്‍ടിഒയുടെ നടപടി. 

ഗുഡ്സ് വാഹനത്തില്‍ വിദ്യാര്‍ത്ഥികള്‍ പോകുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിനെ തുടര്‍ന്നാണ് നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തിയത്. വാഹനത്തിന് ഇന്‍ഷുറന്‍സോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോയില്ലെന്ന് ജോയന്‍റ് ആര്‍.ടി.ഒയുടെ പരിശോധനയില്‍ കണ്ടെത്തി. പൂവാര്‍-ബാലരാമപുരം റൂട്ടില്‍ വഴിമുക്കില്‍ വച്ചാണ് 10 ലെറെ വിദ്യാര്‍ത്ഥികള്‍ ഗുഡ്സ് ഓട്ടോയില്‍ കയറി സ്കൂളിലേക്ക് പോയത്. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം ആരുടേതാണെന്ന് കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ഡ്രൈവര്‍ ഹാജാ ഹുസൈന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. അതിന് മുന്നോടിയായി കാരണം കാണിക്കൽ  നോട്ടീസ് നല്‍കി. 

0Shares

Leave a Reply

Your email address will not be published.

Social profiles