ഭൂപ്രശ്നങ്ങളുടെ പരിഹാരം: ജില്ലയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് മന്ത്രി കെ. രാജന്‍

ചീരാല്‍ സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിക്കുന്നു

കല്‍പറ്റ: മലയോര മേഖലയിലേയും ആദിവാസി വിഭാഗത്തിന്റെയും ഭൂവിഷയങ്ങള്‍ പ്രത്യേക കേസായി പരിഗണിച്ച് പരിഹാരം കാണാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ചീരാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം സംസ്ഥാനത്തെ അഞ്ച് ജില്ലകളെ ഇക്കാര്യത്തില്‍ പരിഗണിക്കുമ്പോള്‍ വയനാടിന് മുന്തിയ പരിഗണനയുണ്ടാകും. വയനാട് കോളനൈസേഷന്‍ സ്‌ക്കീം (ഡബ്യൂ.സി.എസ്) പട്ടയ വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ റവന്യൂ സെക്രട്ടറിയേറ്റ് കൂടി നടപടിയെടുക്കും. ജില്ലയിലെ സങ്കീര്‍ണമായ പല ഭൂപ്രശ്നങ്ങളിലും ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ശ്രമകരമായ ദൗത്യമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles