വയനാട് റോഡ് സേഫ്റ്റി വൊളന്റിയേഴ്സ് ഭവന കൈമാറ്റം 11ന്

കല്‍പറ്റ: വയനാട് റോഡ് സേഫ്റ്റി വൊളന്റിയേഴ്സും മോട്ടോര്‍ വാഹന വകുപ്പും പൊതുജന പങ്കാളിത്തത്തോടെ മാനന്തവാടിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ കെ.എസ് ബിന്ദുവിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഓഗസ്റ്റ് 11ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. കലക്ടറേറ്റില്‍ നടക്കുന്ന വാഹനീയം പരിപാടിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും എം.എല്‍.എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വീടിന്റെ താക്കോല്‍ ബിന്ദുവിന് കൈമാറുമെന്ന് റോഡ് സേഫ്റ്റി വൊളന്റിയേഴ്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റോഡ് സേഫ്റ്റി വൊളന്റിയേഴ്സ് അംഗം കൂടിയായ ബിന്ദുവും കാഴ്ചയില്ലാത്ത അമ്മയും അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് കൂരയിലായിരുന്നു താമസിച്ചിരുന്നത്. 2021 ആഗസ്റ്റിലാണ് വീട് നിര്‍മിക്കാനുള്ള തീരുമാനമെടുക്കുന്നത്. സെപ്തംബറില്‍ അന്നത്തെ വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ കെ. സുരേഷ് കുമാറും കല്‍പറ്റ ജോയന്റ് ആര്‍ടിഒയും വയനാട് ആ.ര്‍ടി.ഒ ഇന്‍ചാര്‍ജുമായ ഷാജു എ. ബക്കറും ചേര്‍ന്ന് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് ഘട്ടം ഘട്ടമായി പൊതുജനപങ്കാളിത്തത്തോടെയും റോഡ് സേഫ്റ്റി വൊളന്റിയേഴ്സിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയുമാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 650 സ്‌ക്വയര്‍ഫീറ്റില്‍ ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മിച്ച വീട്ടില്‍ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, ബാത്റൂം എന്നീ സൗകര്യങ്ങളുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ റോഡ് സേഫ്റ്റി വാളണ്ടിയേഴ്സ് ജില്ലാ സെക്രട്ടറി പി കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്റ് നസീര്‍ പാലോളിക്കല്‍, ജോയിന്റ് സെക്രട്ടറിമാരായ മനോജ് പനമരം, സുരേന്ദ്രന്‍ കല്‍പ്പറ്റ എന്നിവരും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles