സി.ഡബ്ല്യു.എസ്.എ സംസ്ഥാന സമ്മേളനം കല്‍പറ്റയില്‍

കല്‍പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍(സി.ഡബ്ല്യു.എസ്.എ) 25-ാമത് വാര്‍ഷിക സമ്മേളനം മെയ് 17,18 തീയതികളില്‍ വയനാട്ടിലെ കല്‍പറ്റ ലളിത്മഹല്‍ ഓഡിറ്റോറിയത്തില്‍ ചേരും. 17നു പ്രതിനിധി സമ്മേളനം, സെമിനാര്‍, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടാകും. 18നു വൈകുന്നേരം പ്രകടനവും പൊതുയോഗവും നടത്തും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഭാസ്‌കരന്‍ വടക്കൂട്ട്, സെക്രട്ടറി സി.വിനോദ്, ട്രഷറര്‍ കെ.രാജേഷ്‌കുമാര്‍, സ്ഥാപക നേതാവ് കെ.രാജന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.പി.ലക്ഷ്മണന്‍, കണ്‍വീനര്‍ കെ.വി.സജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അടുത്തകാലത്തു സിമന്റ് വില 70 ശതമാനം വര്‍ധിച്ചു. കമ്പി വില ഇരട്ടിയായി. കല്ലും മണലും ഉള്‍പ്പെടെ മറ്റു നിര്‍മാണ സാമഗ്രികള്‍ക്കും വില കുതിച്ചുകയറി. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍, പാരിസ്ഥിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബാധകമാക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങള്‍, കോവിഡ് വ്യാപനം എന്നിവയും നിര്‍മാണ മേഖലയെ തളര്‍ത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം വീടുകളുടെ പണിയാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. പാവപ്പെട്ടവരുടെ ഭവനസ്വപ്‌നം യാഥാര്‍ഥ്യമാകണമെങ്കില്‍ നിര്‍മാണ സാമഗ്രികളുടെ വില പിടിച്ചുനിര്‍ത്തണം.
മേസ്തിരിമാര്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയും സംരക്ഷവും സര്‍ക്കാര്‍ നല്‍കുന്നില്ല. കെട്ടിടങ്ങളുടെ പ്ലാന്‍ പാസാക്കുമ്പോള്‍ത്തന്നെ സൈറ്റ് ഇന്‍ഷ്വര്‍ ചെയ്യണമെന്ന ആവശ്യത്തോടു അധികാരികള്‍ മുഖംതിരിക്കുകയാണ്. മേസ്തിരിമാര്‍ക്ക് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ആവശ്യത്തിനും പരിഗണന ലഭിച്ചില്ല. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരപരിപാടികള്‍ക്കു സമ്മേളനം രൂപം നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles