ഉരുള്‍പൊട്ടലിന് കാരണം കാലാവസ്ഥാ പ്രതിസന്ധിയും അശാസ്ത്രീയ ഭൂവിനിയോഗവും

സെമിനാര്‍ അഡ്വ.പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: ആഗോള കാലാസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവചനാതീതമായ വ്യതിയാനവും അശാസ്ത്രീയമായ ഭൂവിനിയോഗവുമാണ് പശ്ചിമഘട്ട മലഞ്ചരിവുകളില്‍ തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മിന്നല്‍ പ്രളയത്തിനും കാരണമെന്ന് പുത്തുമല – കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ വയനാട് പ്രകൃതിസംരക്ഷണ സമിതി കല്‍പറ്റ പ്രസ്സ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ വിലയിരുത്തി. വനം കൊള്ളക്കാരും ക്വാറി – നിര്‍മ്മാണ മാഫിയയും റിസോര്‍ട്ടു ലോബിയും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പരിസ്ഥിതി ദുര്‍ബ്ബലമെന്ന് കേന്ദ്ര-സംസ്ഥാന വിദഗ്ധ സമിതികള്‍ വിധിയെഴുതിയ മലഞ്ചരിവുകളില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാഭരണകൂടം എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തതിന്റെ തിക്തഫലം ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളൂവെന്നും സെമിനാറില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

സദസ്സ്


സമീപ കാലത്ത് വയനാട്ടിലെ ഭൂവിനിയോഗത്തില്‍ അതീവഗുരുതരവും അനാശാസ്യവുമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മണ്ണു സംരക്ഷണ വിഭാഗം മുന്‍ ജില്ലാ മേധാവി പി.യു. ദാസ് ആമുഖ പ്രഭാഷണത്തില്‍ വ്യക്തമാക്കി. മൂന്നര ലക്ഷം ഹെക്ടര്‍ വിസ്തൃതിയുള്ള വയനാട്ടില്‍ 3500 കിലോമീറ്റര്‍ നീളത്തിലുണ്ടായിരുന്ന നദികളില്‍ പകുതിയോളം നികത്തപ്പെട്ടു. നദികള്‍ക്കു മേല്‍ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും ഉയര്‍ന്നു വന്നു. മലമുകളില്‍ നിന്നുദ്ഭവിക്കുന്ന, പിന്നീട് തടസ്സപ്പെട്ട നീരരുവികളുടെ പ്രഭവ കേന്ദ്രങ്ങളിലാണ് എല്ലാ ഉരുള്‍ പൊട്ടലും ആരംഭിച്ചത്. ചതുപ്പുകളുടെയും വയലുകളുടെയും നാടായിരുന്ന വയനാട്ടില്‍ അവയൊക്കെ കുന്നിടിച്ച് നികത്തി ബഹുനിലക്കെട്ടിടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. പി.യു ദാസ് പറഞ്ഞു.
പശ്ചിഘട്ട മലഞ്ചരിവുകളോട് ചേര്‍ന്ന വയനാട്ടിലെ അതീവ ലോലമായ പഞ്ചായത്തുകള്‍ക്ക് പ്രത്യേക ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും മഴയെ നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം വേണമെന്നും കൃഷി, കെട്ടിടനിര്‍മ്മാണം, ഭൂവിനിയോഗം എന്നിവ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലേ ആകാവൂ എന്നും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കാളജിയിലെ ശാസ്ത്രജ്ഞന്‍ സി.കെ. വിഷ്ണുദാസ്സ് പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും വികസന പദ്ധതികളില്‍ പൊളിച്ചെഴുത്തും കാലാവസ്ഥാ സാക്ഷരതയും ഉണ്ടായാലേ വയനാടിന് അതിജീവിക്കാന്‍ പറ്റൂ.
2018ലെയും 19 ലെയും പ്രളയത്തിനു ശേഷം ലോകത്തിന്റെ ഇതരഭാഗത്തുള്ള മഹാരോഗങ്ങള്‍ മനുഷ്യരെയും മൃഗങ്ങളെയും കൊന്നൊടുക്കി കൊണ്ടിരിക്കുന്ന ഗൗരവതരമായ പ്രതിഭാസം ഭരണകൂടം കണക്കിലെടുക്കണമെന്ന് ഡോ: രതീഷ് വ്യക്തമാക്കി. ലോകത്തെ മാംസാഹാരത്തിന്റെ 40 ശതമാനം തരുന്ന പന്നികളില്‍ 30 ശതമാനം നശിച്ചു കഴിഞ്ഞു.
സെമിനാര്‍ അഡ്വ: പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. വട്ടക്കാരി മജീദ്, സൂപ്പി പള്ളിയാല്‍, സുലോചനാ രാമകൃഷ്ണന്‍, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, അഡ്വ. കെ. ഖാലിദ് രാജ, ജംഷീര്‍, ഹരിഹരന്‍ തോമാട്ടുചാല്‍, ഡോ. സുമാ വിഷ്ണുദാസ്സ്, ശ്രീകുമാര്‍ പൂത്തുമല, കല്‍പറ്റ മനോജ്, അബു പൂക്കോട്, ശിവരാജ് ഉറവ്, എ.പി. ശ്രീകുമാര്‍, തോമസ്സ് അമ്പലവയല്‍, എം ഗംഗാധരന്‍, ബാബു മൈലമ്പാടി, ബഷീര്‍ ആനന്ദ് ജോണ്‍, എ.വി. മനോജ്, സുഹൈല്‍ കല്‍പറ്റ, സി.എ.ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles