ഗ്രേറ്റ് നിക്കോബാര്‍ തീരത്ത് പുതിയ ജീവിയെ കണ്ടെത്തി

ഗ്രേറ്റ് നിക്കോബാര്‍ തീരത്തു ഗവേഷകര്‍ കണ്ടെത്തിയ ജീവി.

മാനന്തവാടി: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ഗ്രേറ്റ് നിക്കോബാര്‍ തീരത്തു കോപ്പിപോഡ് വിഭാഗത്തില്‍പ്പെട്ട പുതിയ ജീവിയെ കണ്ടെത്തി. മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സനു വി. ഫ്രാന്‍സിസ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രോട്ടോ സുവോളജി വിഭാഗം മേധാവിയും ശാസ്ത്രജ്ഞയുമായ ഡോ.ജാസ്മിന്‍ പുരുഷോത്തമന്‍, കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഡീന്‍ പ്രഫ.ബിജോയ് നന്ദന്‍ എന്നിവരടങ്ങന്ന സംഘമാണ് ജീവിയെ കണ്ടെത്തിയത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രഥമ വനിതാഡയറക്ടര്‍ ഡോ.ധൃതി ബാനര്‍ജിയോടുള്ള ആദരസൂചകമായി ‘ടോര്‍ടാനസ് ധൃതി’ എന്നാണ് ജീവിക്കു നല്‍കിയ പേര്.
സമുദ്ര ആവാസവ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സൂക്ഷ്മജീവി വിഭാഗമാണ് കോപ്പിപോഡുകള്‍. സമുദ്രത്തിലെ ആഹാരശൃംഖലയില്‍ പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മത്സ്യസമ്പത്തും സമുദ്രത്തിലെ ജീവി വിഭാഗങ്ങളും നിലനില്‍ക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. കോപ്പിപോഡുകളിലെ ടോര്‍ടാനസ് എന്ന ജനുസിലും അറ്റോര്‍ട്ടസ് എന്ന ഉപജനുസിലും ഉള്‍പ്പെട്ട ഈ ജീവി പ്രധാനമായും പസഫിക് സമുദ്രത്തിലെ പവിഴദ്വീപുകളിലാണ് കണ്ടുവന്നിരുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ ഇനത്തില്‍പ്പെട്ട ഏഴു ജീവികളെയാണ് ഇതിനകം കണ്ടെത്തിയത്. അതിലൊന്നാണ് ഡോ.സനു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ മുമ്പു കണ്ടെത്തിയ ടോര്‍ടാനസ് മിനിക്കോയെന്‍സിസ്. കോപ്പിപോഡുകളെക്കുറിച്ചുള്ള പഠനത്തിനു അന്താരാഷ്ട്രതലത്തില്‍ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. നോപ്ലിയസ് എന്ന അന്താരാഷ്ട്ര ടാക്‌സോണമി ജേണലില്‍ പുതിയ ജീവിയെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles