നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനു നൂതന പദ്ധതികള്‍-ഗതാഗത മന്ത്രി

കല്‍പറ്റ: വിവേചനരഹിതമായി മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നൂതന പദ്ധതികള്‍ നടപ്പാക്കിവരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. സിവില്‍ സ്‌റ്റേഷനിലെ എ.പി.ജെ ഹാളില്‍ മോട്ടോര്‍ വാഹന പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിരത്തുകളില്‍ അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് തടയാനും നിയമലംഘകരോടുള്ള പക്ഷപാതപരമായ സമീപനം ഒഴിവാക്കാനും വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 726 നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ സ്ഥാപിച്ചിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ ഇവ നിരീക്ഷണസജ്ജമാകും. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ, ചെക്‌പോസ്റ്റുകളിലെ പരിശോധനാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു നൂതന സംവിധാനം വൈകാതെ യാഥാര്‍ഥ്യമാകും. ഓടുന്ന എല്ലാ വാഹനങ്ങളുടെയും ഭാരം മനസിലാക്കാന്‍ കഴിയുന്ന കോണ്‍ടാക്ട്‌ലെസ് വെയിംഗ് ട്രാക്കുകള്‍ ചെക്‌പോസ്റ്റുകളില്‍ സ്ഥാപിച്ചുവരികയാണ്. ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി ബുക്ക് തുടങ്ങിയവ നിലവില്‍ ലാമിനേറ്റഡ് കാര്‍ഡുകളായി നല്‍കുന്നത് സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്നതിന് 2004 മുതല്‍ നടക്കുന്ന ശ്രമം നിയമതടസം കാരണം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. നിയമതടസങ്ങള്‍ ഇല്ലാത്തവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള എലഗന്റ് കാര്‍ഡുകളാക്കാന്‍ നടപടി പൂര്‍ത്തിയായി വരുന്നുണ്ട്. പഴയ ഡ്രൈവിംഗ് ലൈസന്‍സുകളും ആര്‍.സികളും ഇന്റര്‍നാഷണല്‍ പെര്‍മിറ്റുകളും വൈകാതെ എലഗന്റ് കാര്‍ഡുകളിലേക്ക് മാറാനാനാകും. നാലുചക്ര വാഹനങ്ങളുള്ള ഭിന്നശേഷിക്കാര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാകുന്ന കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles