പന്നിയിറച്ചി സംഭരണം പരിഗണിക്കും-മന്ത്രി ജെ.ചിഞ്ചുറാണി

കല്‍പറ്റ: ആഫ്രിക്കന്‍ പന്നിപ്പനിയുമായി ബന്ധപ്പെു കര്‍ഷകരിലുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. കല്‍പറ്റയില്‍ പന്നിക്കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന പന്നിക്കര്‍ഷകര്‍ ഓണം സീസണ്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അവരിപ്പോള്‍ അങ്കലാപ്പിലാണ്. കര്‍ഷകരെ സഹായിക്കാനുളള പദ്ധതികളാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. കര്‍ഷകര്‍ക്കു വില നല്‍കി പന്നികളെ ഏറ്റെുടുക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിരക്കില്‍ പന്നികളെ മീറ്റ്‌സ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പന്നികളെ ഏറ്റെടുക്കുക. സഹകരണ മന്ത്രിയുമായും സഹകരണ മേഖലയിലെ ബാങ്ക് അധികാരികളുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ആഫ്രിക്കന്‍ പനി സ്ഥിരീകരിച്ചതും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളതുമായ ഫാമുകളിലെ പന്നികളെ ദയാവധം ചെയ്യുന്നതില്‍ കര്‍ഷകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണ ലഭിച്ചതായും മന്ത്രി പറഞ്ഞു.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ഗാന്ധി എം.പിയുടെ സന്ദേശം ചിഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.ജയരാജ് വായിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ.ഗീത, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, മൃഗസംരക്ഷണ അഡീഷണല്‍ ഡയറക്ടര്‍ ഡോ.വിന്നി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി.ആര്‍.രാജേഷ്, പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍.ബിശ്വപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെയും മൃഗസംരക്ഷണ ജീവനക്കാരെയും മന്ത്രി അനുമോദിച്ചു. ജീവനക്കാര്‍ക്കുളള അനുമോദനപത്രം മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ പന്നിക്കര്‍ഷകര്‍ക്കുളള അണുനശീകരണ കിറ്റിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles