ഇരുമ്പ് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാനുള്ള നീക്കം പുനഃപരിശോധിക്കണം- എം.വി. ശ്രേയാംസ്‌കുമാര്‍

കല്‍പറ്റ: ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയിലുള്‍പ്പെട്ട ജില്ലയില്‍ ഇരുമ്പ് സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. സമ്പുഷ്ടീകരിച്ച അരിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കാതെയാണ് ജില്ലയെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തിയത്. കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് വരുത്തിയാണ് കേന്ദ്രം ഭക്ഷ്യ വസ്തുക്കളിലെ ഫോര്‍ട്ടിഫിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്നത്. അരി, ഗോതമ്പ്, എണ്ണ, പാല്‍ എന്നിവയുടെ സമ്പുഷ്ടീകരണത്തിലൂടെ കോടികളുടെ കച്ചവടമാണ് കോര്‍പറേറ്റ് ഭീമന്‍മാര്‍ രാജ്യത്ത് നടത്തുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്ധര്‍ ഭക്ഷ്യവസ്തുക്കളിലെ സമ്പുഷ്ടീകരണം അനാവശ്യമാണെന്നും അതിലൂടെയുണ്ടാവുന്ന ആരോഗ്യപ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്.
പോഷകസമ്പുഷ്ടമായ നാടന്‍ നെല്‍വിത്തിനങ്ങള്‍ ധാരാളമുള്ള ജില്ലയില്‍ കൃത്രിമമായി പോഷകങ്ങള്‍ ചേര്‍ക്കുന്ന അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതു വിചിത്രമാണ്. ജില്ലയുടെ സാഹചര്യങ്ങള്‍ പരിഗണിക്കാതെയും കേന്ദ്രത്തിന്റെതന്നെ മാര്‍ഗരേഖകള്‍ അപ്രസക്തമാക്കിയുമാണ് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നത്. സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ ഇരുമ്പു സമ്പുഷ്ടീകരിച്ച അരി കഴിക്കരുതെന്നും തലാസീമിയ രോഗികള്‍ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രമേ കഴിക്കാവൂ എന്നും 2018ലെ കേന്ദ്ര ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ജില്ലയിലാണ് സിക്കിള്‍ സെല്‍ അനീമിയ രോഗികളേറെയുള്ളത്. അടിയ, പണിയ, ചെട്ടി തുടങ്ങിയ വിഭാഗങ്ങളിലാണ് രോഗികളില്‍ അധികവും. ഇവരൊക്കെയും പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്ന സാധാരണക്കാരാണ്. തലാസീമിയ പോലുള്ള രക്തജന്യ രോഗികളും ജില്ലയില്‍ നിരവധിയാണ്. ഈ സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയും ജനതയുമായി ചര്‍ച്ചചെയ്യാതെയും സമ്പുഷ്ടീകരിച്ച അരി റേഷന്‍ സംവിധാനത്തിലൂടെ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഒരു ജനസമൂഹത്തിന്റെയാകെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന പദ്ധതി നടപ്പിലാക്കുന്നതില്‍നിന്നു സംസ്ഥാനം പിന്‍മാറണമെന്നും ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles