ജലസംരക്ഷണത്തിന് മാതൃക; അമൃത് സരോവര്‍ ഒരുങ്ങുന്നു

കല്‍പറ്റ: ജലസംരക്ഷണത്തിന്റെ പുത്തന്‍ മാതൃകയായി ജില്ലയില്‍ 58 അമൃത് സരോവര്‍ ജലാശയങ്ങള്‍ ഒരുങ്ങുന്നു. ജില്ലയില്‍ അമൃത് സരോവറിനായി നൂല്‍പ്പുഴ 12, കോട്ടത്തറ 2, എടവക 2, തവിഞ്ഞാല്‍ 2, തിരുനെല്ലി 4, കണിയാമ്പറ്റ 3, മുള്ളന്‍കൊല്ലി 3, പൂതാടി 5, പുല്‍പ്പള്ളി 4, അമ്പലവയല്‍ 3, മീനങ്ങാടി 2, നെന്മേനി 6, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, വെങ്ങപ്പള്ളി, തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം എന്നീ പഞ്ചായത്തുകളില്‍ ഓരോന്ന് വീതവും സൈറ്റുകള്‍കളിലാണ് അമൃത് സരോവര്‍ ഒരുങ്ങുക. കോട്ടത്തറ, പൊഴുതന, എടവക, തൊണ്ടര്‍നാട്, കണിയാമ്പറ്റ, നെന്മേനി, നൂല്‍പ്പുഴ എന്നി ഗ്രാമ പഞ്ചായത്തുകളിലെ 11 അമൃത് സരോവര്‍ സൈറ്റുകളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിക്കൊണ്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്യും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മൈനര്‍ ഇറിഗേഷന്‍, ഫിഷറീസ്, ഫോറസ്റ്റ്, ശുചിത്വ മിഷന്‍, ഗ്രൗണ്ട് വാട്ടര്‍ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് അമൃത് സരോവര്‍ സൈറ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോ അമൃത് സരോവറിനും ഒരു പഞ്ചായത്ത് പ്രതിനിധിയും ഒരു പഞ്ചായത്ത് ലെവല്‍ ഓഫീസറും ഉള്‍പ്പടെ രണ്ട് പ്രഭാരിമാരെയും കണ്ടെത്തുകയും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പ്രഭാരിമാരുടെ മേല്‍നോട്ടത്തിലാണ് ഓരോ അമൃത് സരോവറിന്റെയും പ്രവൃത്തികള്‍ നടക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ അലങ്കാര ചെടികള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒരുക്കി ഓരോ അമൃത് സരോവരും ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതോടൊപ്പം ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഗ്രാമവികസന വകുപ്പ്, ഭൂവിഭവ വകുപ്പ്, കുടിവെള്ള ശുചിത്വ വകുപ്പ്, ജലവിഭവ വകുപ്പ്, പഞ്ചായത്ത് രാജ് മന്ത്രാലയം, വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നീ ആറ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മിഷന്‍ നടപ്പിലാക്കുന്നത്. ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷനും ജിയോഇന്‍ഫോര്‍മാറ്റിക്‌സും മിഷന്റെ സാങ്കേതിക പങ്കാളികളാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പതിനഞ്ചാമാത് ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ ഗ്രാന്റുകള്‍, പി. എം.കെ.എസ്.വൈ, സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് സ്‌കീമുകള്‍ തുടങ്ങിയവയിലൂടെയാണ് ആവശ്യമായ തുക കണ്ടെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ കുടുംബാംഗങ്ങള്‍, പത്മ അവാര്‍ഡ് ജേതാവ്, അമൃത് സരോവര്‍ നിര്‍മ്മിക്കുന്ന പ്രാദേശിക പ്രദേശത്തെ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ പങ്കാളികളാകും. 2023 ആഗസ്റ്റ് 15നകം ഇന്ത്യയില്‍ 50,000 അമൃത് സരോവരുകള്‍ നിര്‍മ്മിക്കുന്നതിനാണ് മിഷന്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി പരിഗണിച്ച് പൊതു ഭൂമിയില്‍ 25 സെന്റില്‍ കൂടുതല്‍ വിസ്ത്രിതിയുള്ള 75 കുളങ്ങള്‍ പുനരുജീവിപ്പിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles