ബത്തേരി മന്തണ്ടിക്കുന്ന് കവര്‍ച്ച: മുന്‍ മിസ്റ്റര്‍ കാലിക്കറ്റ് പിടിയില്‍

മുഹമ്മദ് സാലു

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മന്തണ്ടിക്കുന്നില്‍ ഓഗസ്റ്റ് രണ്ടിനു രാത്രി ആളില്ലാത്ത വീട്ടില്‍നിന്നു 90 പവന്റെ ആഭരണങ്ങളും 43,000 രൂപയും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് മായനാട് ചാപ്പനാട്ട്‌തൊട്ടയില്‍ മുഹമ്മദ് സാലു എന്ന ബുള്ളറ്റ് ബാബുണ്(32) അറസ്റ്റിലായത്. നിരീക്ഷണത്തിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ചുണ്ടേലില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നു ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ.മുഹമ്മദ് ഷെരീഫ്, യഥാക്രമം ബത്തേരി, നൂല്‍പ്പൂഴ പോലീസ് ഇന്‍സ്‌പെക്ടമാരായ കെ.ടി.ബെന്നി, ടി.സി.മുരുകന്‍, ബത്തേരി എസ്.ഐ റോയി എന്നിവര്‍ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തമിഴ്‌നാട് ഉദുമല്‍പേട്ടയില്‍ ഭാര്യവീട്ടില്‍ താമസമാക്കിയ മുഹമ്മദ് സാലു സ്ഥിരം മോഷ്ടാവാണ്. തമിഴ്‌നാട്ടില്‍ മോഷണക്കേസില്‍ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങി വയനാട്ടിലെത്തി മോഷണങ്ങള്‍ നടത്തിവരികയായിരുന്നു. ഏപ്രിലില്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ മോഷണത്തിനു ശ്രമിച്ചതും മെയില്‍ പുല്‍പള്ളിയിലെ ഒരു വീട്ടില്‍നിന്നു ഒമ്പത് പവന്‍ കവര്‍ന്നതും ഇയാളാണ്. മന്തണ്ടിക്കുന്നു കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റു മോഷണങ്ങളെക്കുറിച്ചു വിവരം ലഭിച്ചത്. സംസ്ഥാനത്തു വിവിധ പോലീസ് സ്റ്റേഷനുകളിലായി 40 ഓളം കേസുകള്‍ മുഹമ്മദ് സാലുവിനെതിരേയുണ്ട്.
മന്തണ്ടിക്കുന്നില്‍ ശ്രീഷ്മയില്‍ ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പെരിന്തല്‍മണ്ണയില്‍ ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം. മുന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയ പ്രതി രണ്ടു മുറികളില്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്.
മോഷണത്തിനുശേഷം തമിഴ്‌നാട്ടിലേക്കു പോയ പ്രതി ആഭരണങ്ങള്‍ വിറ്റുകിട്ടിയതില്‍ മൂന്നു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു. രണ്ട് ഐ ഫോണ്‍ വാങ്ങി. ഫോണുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മന്തണ്ടിക്കുന്നില്‍ മോഷണം നടന്ന വീടിന്റെ പരിസരങ്ങളില്‍നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിനു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ നീക്കത്തില്‍ പ്രതി ഉദുമല്‍പേട്ടയില്‍ ഉണ്ടെന്നു സ്ഥിരീകരിച്ചു. നിരീക്ഷണത്തിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം വീണ്ടും വയനാട്ടിലെത്തി. ഊട്ടിക്കുള്ള ബസ് കാത്ത് ചുണ്ടേലില്‍ നില്‍ക്കുന്നതിനിടെയാണ് പോലീസ് പിടിയിയിലായത്.
കച്ചവടക്കാരനെന്ന വ്യാജേന വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ആളില്ലാത്ത വീടുകള്‍ കണ്ടുവെക്കുകയും തനിച്ചു മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. മുന്‍വാതില്‍ തകര്‍ത്ത് വീട്ടില്‍ കയറി മോഷണം നടത്തിയശേഷം പിന്‍വാതിലിലൂടെ പോകുന്നതും ഇയാളുടെ ശൈലിയാണ്. പത്തു വര്‍ഷം മുമ്പ് മുഹമ്മദ് സാലു മിസ്റ്റര്‍ കാലിക്കറ്റ് ആയിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles